ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തില്‍ നിരവധിയിടങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുമ്പോഴും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. ചുമതലയുള്ള അസി. എഞ്ചിനീയര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്നും ആക്ഷേപം.
ഇടവെട്ടി പഞ്ചായത്തില്‍ രണ്ട് വര്‍ഷം മുമ്പാണ് ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണം ആരംഭിച്ചത്. നിലവില്‍ അഞ്ചിലധികം ഇടങ്ങളിലാണ് പൈപ്പ് പൊട്ടി കിടക്കുന്നത്. കാരിക്കോട്-പട്ടയംകവല റോഡില്‍ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്തെ കനാല്‍ പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിന് തുളവീണ് വലിയ തോതിലുള്ള വെള്ളമാണ് പാഴാകുന്നത്. സ്ഥിരമായി കുടിവെള്ളം പാഴാകുന്ന സ്ഥലം കൂടിയാണിവിടം. വെള്ളം പാലത്തിലും സമീപത്തെ റോഡിലും കെട്ടി കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. നടയം ശാരദക്കവല റോഡില്‍ അങ്കണവാടിക്ക് സമീപമാണ് പൈപ്പ് പൊട്ടി കിടക്കുന്നത്. ദിവസവും നൂറ് കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇവിടെ പാഴാകുന്നത്.
കൊതകുത്തി കവലയില്‍ കാലങ്ങളായി പൈപ്പ് പൊട്ടല്‍ പതിവാണ്. ഇവിടെ രണ്ട് മാസം മുമ്പ് തകരാര്‍ പരിഹരിച്ചെങ്കിലും വീണ്ടും വെള്ളം പാഴാകുകയാണ്. വെള്ളമൊഴുകി റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. മരവെട്ടിച്ചുവട്ടില് അടുത്തടുത്തായി രണ്ടിടത്താണ് പൈപ്പ് പോട്ടി കിടക്കുന്നത്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെ വെള്ളം പാഴാകുകയാണെന്ന് നാട്ടുകാരും പറയുന്നു.
അതേ സമയം തകാറുകള്‍ കൂടുതലും പഴയ പൈപ്പ് ലൈനിലാണെന്നാണ് അധികൃതരുടെ ഭാഷ്യം. സ്ഥിരമായി പുതിയ പൈപ്പുകള്‍ വഴി വെള്ളം കിട്ടുമ്പോള്‍ എല്ലാവര്ക്കും കണക്ഷന് നല്കി പഴയ ലൈനുകള്‍ ഒഴുവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരിശോധിക്കും:ഇഇ
അതേ സമയം തകരാറുകള്‍ പരിശോധിക്കുമെന്ന് വാട്ടര്‍ അതോററ്റി തൊടുപുഴ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയറും വ്യക്തമാക്കി. ബന്ധപ്പെട്ട് അസി. എഞ്ചിനീയറുമായി സംസാരിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: