കാഞ്ഞാർ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കാഞ്ഞാറിന് സമീപം നിർമ്മിച്ച വാട്ടർ തീം പാർക്ക് കാട്കയറി നശിക്കുന്നു. പരിപാലിക്കാൻ ആളില്ലാതെ പാർക്കിനുള്ളിൽ വെച്ച് പിടിപ്പിച്ച പൂച്ചെടികളും വൃക്ഷങ്ങളും നാശത്തിന്റെ വക്കിലാണ്.വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കുവാനും മലങ്കര ജലാശയത്തിന്റെ ഭംഗി ആസ്വദിക്കുവാനുംവേണ്ടിയാണ് ഈ വഴിയോര പാർക്ക് നിർമ്മിച്ചത്.
എന്നാൽ പാർക്കിനുള്ളിൽ വളർന്ന കാടും പാഴ് വൃക്ഷങ്ങളും വെട്ടിമാറ്റുവാനോ വൃത്തിയാക്കുവാനോ പിന്നീട് അധികൃതർ തയാറായില്ല .ഇടുക്കി ഭാഗത്തേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഇട താവളമായി ഈ പാർക്ക് ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നു.പാർക്കിന്റെ സുരക്ഷയ്‌ക്കായ് റോഡരികിൽ നിർമ്മിച്ച ഇരുമ്പു വേലി പലയിടത്തും തകർന്ന നിലയിലാണ്. ഇതു വഴി കടന്നു പോകുന്ന വിനോദ സഞ്ചാരികൾ ബോർഡ് കണ്ട് വാഹനം നിർത്തി ഇറങ്ങി വരുമ്പോഴാണ് കാട്കയറി ഉപയോഗശൂന്യമായ നിലയിൽ പാർക്ക് കാണുന്നത്.
പലരും നിരാശയോടെ മടങ്ങുന്നതും കാണാം.പാർക്കിന്റെ സമീപത്തു നിന്നുമുള്ള കുടയത്തൂർ വിന്ധ്യന്റെ കാഴ്ച ഏറെ ആകർഷകമാണ്.കാട് പിടിച്ച നിലയിലുള്ള പാർക്കിലാണ് സമീപത്തുള്ളവർ വാഹനങ്ങൾ കഴുകുന്നത്. ലക്ഷങ്ങൾ മുടക്കി പണിതീർത്ത പാർക്കാണ് ഉത്തരവാദിത്വപ്പെട്ടവരുടെ അലംഭാവം കാരണം നശിക്കുന്നത്. സഞ്ചാരികൾ കൂടുതലായി എത്താത്തതിനാൽ സമീപവാസികൾ കുളിക്കാനും വാഹനങ്ങൾ കഴുകുവാനുമാണ് ഇപ്പോൾ പാർക്കിനെ ഉപയോഗിക്കുന്നത്. സമീപത്തുള്ളവർ നാൽക്കാലികളേയും ഇതിനുള്ളിൽ കെട്ടിയിടുന്നുണ്ട്.
ഏറെ മനോഹരമായി കാത്തു സൂക്ഷിക്കേണ്ട വഴിയോര പാർക്കാണ് വേണ്ട വിധം പരിപാലിക്കാത്തതിനാൽ നശിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ഇവിടം സമൂഹ്യ വിരുദ്ധരുടെ താവളമാണ്.വിനോദ സഞ്ചാരികൾ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വാട്ടർ തീം പാർക്ക് ഇന്ന് നാശത്തിന്റെ വക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: