ജനിതകമാറ്റം സംഭവിച്ച കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്സ് രാഷ്ട്രീയ വൈറസ്സുകളൊന്നിക്കാനുള്ള ശ്രമങ്ങളാണല്ലോ ബംഗാളില്‍ നടന്നു വരുന്നത്. അതു സംഭവിച്ചാലും ജീവന് തിരിച്ചു പിടിക്കാനിടയില്ലെന്നതാണ് നിലവിലെ സാഹചര്യം. പക്ഷേ അങ്ങനെയൊരൂ പുനര്‍ജന്മത്തിന്റെ വിദൂര സാദ്ധ്യതകളെങ്കിലും പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ്സുകാരാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അതിലൊളിഞ്ഞിരിക്കുന്ന അപകട സാദ്ധ്യത തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ശല്യം സഹിക്കാതെ ബംഗാള്‍ ജനത തല്ലിച്ചതച്ചു വേലിയിലെടുത്തിട്ട വിഷസര്‍പ്പമാണ് സിപിഎം. അതിന് മടിയിലിടം കൊടുത്ത് പാലുകൊടുത്താല്‍ കടിക്കുമെന്നതില് സംശയം വേണ്ട. കടി കിട്ടിയാല്‍ കോണ്‍ഗ്രസ്സിന് അതിജീവിക്കാന്‍ കഴിയുമെന്നൊരു ധാരണ വേണ്ടതാനും. മുപ്പതു വര്‍ഷങ്ങളോളം ജ്യോതിബസുവും ബുദ്ധദേബ് ഭട്ടാചാര്യയും നേതൃത്വം നല്കിയ കമ്യൂണിസ്റ്റു ഭരണ ചരിത്രം മറന്ന് കമ്യൂണിസ്റ്റുകളുമായി കൂട്ടുകൂടുന്നത് കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ആത്മഹത്യാപരമായിരിക്കും.
സെയിന്ബാരിയിലെ രക്തക്കറ
കോണ്‍ഗ്രസ്സ് നേതാക്കളായ രണ്ട് സെയിന്‍ സഹോദരന്മാരെ കൊലപ്പെടുത്തി അവരുടെ ചോര ഒഴിച്ച് കുഴച്ച ചോറ് പെറ്റമ്മയുടെ വായില്‍ ബലമായി നിറച്ചു കൊടുത്ത കമ്യൂണിസ്റ്റ് ക്രൂരത മനസ്സും ശിരസ്സും മരവിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ്. അതോടെ മനോനില തെറ്റിയ ആ അമ്മയുടെ മരിക്കും വരെയുള്ള ദുരിതജീവിതം മനുഷ്യത്വം മരിക്കാത്തവരെ കമ്യൂണിസ്റ്റ് പാളയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. 1970 മാര്‍ച്ചില്‍, ആ അക്രമണം നടത്തുന്നത് സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നതിന് വളരെ മുമ്പായിരുന്നു.
മരിഝാപ്പി കൂട്ടക്കൊല
കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ ദളിത ഹിന്ദു അഭയാര്‍ത്ഥികളുടെ നാലായിരത്തി ഇരുനൂറു കുടുംബങ്ങളില്‍പെട്ട പതിനായിരം ആളുകളെയെങ്കിലൂം സുന്ദര്‍ബന്നിലെ മരിഝാപ്പിയില് ജ്യോതി ബസുവിന്റെ കമ്യൂണിസ്റ്റൂ ഭരണകൂടം 1979ല്‍ മരണത്തിനെറിഞ്ഞു കൊടുത്തതായാണ് റോസ് മല്ലിക് എന്ന അന്വേഷകന് വെളിപ്പെടുത്തിയിട്ടുള്ളത്. അഭയാര്‍ത്ഥികളില്‍ സവര്‍ണജാതിക്കാര്‍ക്ക് കൊല്‍ക്കത്തയുടെ പരിധിക്കുള്ളില്‍ പുനരധിവാസം ലഭിക്കുന്നതിന് ഒരിക്കലും തടസ്സം നില്‍ക്കാതിരുന്ന സവര്‍ണ ജ്യോതിബസുവിന്റെ ‘കമ്യൂണിസ്റ്റ്’ പക്ഷമാണ് അവര്‍ണ്ണ സമൂഹത്തെ കൂട്ടത്തോടെ കൊന്നു കുഴിച്ചു മൂടിയത്. അറുപതിനായിരത്തോളം സംഖ്യയുണ്ടായിരുന്ന ആ ദളിത അഭയാര്‍ത്ഥി സമൂഹത്തെ തിരഞ്ഞെടുപ്പിനുമുമ്പ് മോഹന വാഗ്ദാനങ്ങള്‍ നല്കി സുന്ദര്‍ബന്നിലെ മരിഝാപ്പിയിലെത്തിച്ചതും കമ്യൂണിസ്റ്റൂകാര്‍ തന്നെയായിരുന്നു. അവരുടെ കൂരകള്‍ക്ക് തീയിട്ടും ടിയര്‍ഗ്യാസ് പ്രയോഗവും ലാത്തിച്ചാര്‍ജും വെടിവെപ്പൂമൊക്കെ നടത്തിയും പകുതി മരിച്ചവരെയും ചേതനയറ്റവരെയും പോലും മുതലകള്‍ക്ക് തിന്നാനെറിഞ്ഞുകൊടുത്തു. ബംഗാളിലെ ഇടതു ഭരണകൂടം നടത്തിയ ഈ കുടിയൊഴിപ്പിക്കല്‍ കമ്യൂണിസ്റ്റുകള്‍ ലോകമെമ്പാടും നടത്തിയ കൂട്ടക്കൊലകള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്നതായിരുന്നു.
കമ്യൂണിസ്റ്റ് ഭരണകൂട വിലക്കുകള്‍ കൊണ്ട് ആസൂത്രിതമായി സത്യം കുഴിച്ചു മൂടപ്പെട്ടപ്പെട്ടതിനെയും അതിജീവിച്ച് 1979 മേയ് 21ന് ‘ആനന്ദ് ബസാര്‍ പത്രിക’ എന്ന പ്രമുഖ ബംഗ്ലാ ദിനപ്പത്രം ഫൊണി ബാലാ മണ്ഡല് എന്ന ഇരയാക്കപ്പെട്ട വനിതയെ കുറിച്ചുള്ള വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചതിലേക്കുമാത്രം ശ്രദ്ധകൊടുത്താല്‍ ആ ഭരണകൂടത്തിന്റെ ക്രൂരത വെളിപ്പെടും. ആ വാര്‍ത്ത തയാറാക്കിയ സുഖോരഞ്ചന്‍ സെന്‍ഗുപ്ത അതോടൊപ്പം നല്കിയ ചിത്രം എടുത്തതിന്റെ അനുഭവം ദീപ് ഹല്‍ദാറിന്റെ ബ്ലഡ് അയലന്റ്, എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
‘മുതിര്‍ന്ന അഭയാര്‍ത്ഥികള്‍, അഗ്നിക്കിരയാക്കപ്പെട്ടവരെ കാണാന്‍ ഞങ്ങളെ കൊണ്ടുപോയി. തപന്‍ അവരുടെ ചിത്രങ്ങളെടുത്തു. അപ്പോളൊരു കുട്ടി, മുലകള്‍ തീയില്‍ വെന്ത ഒരു പ്രായമായ അമ്മ അവിടെയുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ ആ അമ്മ കിടന്നിരുന്ന ടിന് ഷെഡ്ഡിലേക്കു കയറി. അവര്‍ ഒരു കട്ടിലില്‍ കിടന്ന് വേദന കൊണ്ട് പുളയുകയായിരുന്നു. പൊള്ളലേറ്റ മുലകളുടെ മുകളില്‍ ഈച്ചകള്‍ വട്ടമിട്ടു പുറക്കുകയായിരുന്നു. അവര്‍ കിടന്ന കട്ടില് ഞങ്ങള്‍ എടുത്തു പുറത്തു കൊണ്ടുവന്നു. പക്ഷേ ഞങ്ങളുടെ മുന്നില്‍ അവരുടെ നഗ്നനെഞ്ചിടം തുറന്നു കാട്ടുവാന്‍ ആ അറുപത്തിയഞ്ചുകാരി അമ്മയ്ക്കു മടിയായിരുന്നു. ഞാന്‍ അവരുടെ പാദങ്ങളൊടു ചേര്‍ന്നിരുന്നു കൊണ്ടു പറഞ്ഞു: ‘അമ്മ അമ്മയുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുത്തത് ഉടുപ്പ് മാറ്റിയല്ലേ? ഞാനും അമ്മയുടെ മകനേ പോലെയാണ്. എന്റെ മുമ്പില്‍ അമ്മ എന്തിനു നാണിക്കണം?’ അവര്‍ കണ്ണുകള്‍ തുറന്ന് എന്നെ നോക്കി, വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് എന്റെ മുഖത്തു തൊട്ടു. ഞാന്‍ മെല്ലെ ആ അമ്മയുടെ മുലകളില്‍ നിന്നും സാരി മാറ്റി. രണ്ടു മുലകള്‍ക്കും ശരിക്കും തീപ്പൊള്ളലേറ്റിരുന്നു. തപന്‍ അവന്റെ കണ്ണുനീര് തുടച്ചുകൊണ്ട് പ്രഭാത സൂര്യന്റെ വെളിച്ചത്തില്‍ ആ ചിത്രങ്ങളെടുത്തു.’
അദ്ധ്വാനിക്കുന്ന അടിയാള ജനവിഭാഗങ്ങള്‍ക്കും വിശേഷിച്ചും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് വിളിച്ചു കൂവുന്ന കമ്യൂണിസ്റ്റുകാര്‍ ബംഗാള്‍ ഭരിച്ചപ്പോള്‍ ബംഗ്ളാദേശില്‍ നിന്ന് ഭാരതത്തിലേക്ക് അഭയം തേടിയ ഹിന്ദു അടിയാള വര്‍ഗത്തിന്റെ മേല്‍ നടത്തിയ ഹൃദയം നുറുങ്ങുന്ന ക്രൂരതയുടെ ചരിത്രം കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ആനന്ദ മാര്‍ഗികളെ ജീവനോടെ ചുട്ടു
ആനന്ദ മാര്‍ഗികള്‍ വളര്‍ന്നാല്‍ കമ്യൂണിസ്റ്റ് പക്ഷത്തെ നിഷ്പ്രഭമാക്കുമെന്നായിരുന്നു സഖാക്കളുടെ ഭയം. സ്വന്തം പ്രത്യയശാസ്ത്ര പൊള്ളത്തരം വ്യക്തമായി അറിയാവുന്നതുകൊണ്ട് തങ്ങളില്‍ നിന്ന് വേറിട്ട് ചിന്തിക്കുന്നവരെ കൊന്നൊടുക്കുന്നതാണ് ലോകമാകെയുള്ള കമ്യൂണിസറ്റുകാരുടെ അതിജീവന തന്ത്രം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ ആനന്ദ മാര്‍ഗികള്‍ 1982 ഏപ്രിലില്‍ അവരുടെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കല്‍ക്കട്ടയിലെത്തിയപ്പോള്‍ സന്യാസിമാരും സ്ത്രീകളുമൊക്കെ അടങ്ങിയ സംഘത്തെ വാഹനങ്ങളില്‍ നിന്നു പിടിച്ചിറക്കി പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീവെച്ചു. പതിനേഴു പേരെ ചുട്ടെരിച്ചും നിരവധി പേരെ കൊല്ലാതെയും കൊന്നിട്ടും ജ്യോതി ബസുവിന്റെ ഭരണകൂടം ഒരു കമ്യൂണിസ്റ്റു കൊലപാതകിയെയും ശിക്ഷയ്ക്ക് വിധേയനിക്കിയിട്ടില്ല.
നന്നൂറിലെ മുസ്ലിം കൂട്ടക്കൊല
ഇന്ന് കേരളത്തില്‍ പ്രകടമായി ലൗ ജിഹാദിനും ഇസ്ലാമിക മത തീവ്രവാദത്തിനും വേണ്ടി കൂലിവാങ്ങി വേല ചെയ്യുന്ന കമ്യൂണിസ്റ്റുകാരുടെ ബംഗാള്‍ സഖാക്കളായിരുന്നു 2020 ജൂലൈ മാസം 27ന് പതിനൊന്ന് പാവപ്പെട്ട മുസ്ലിം തൊഴിലാളികളെ കൊന്നു തള്ളിയത്. അനധികൃത ഭൂമി കയ്യേറ്റത്തെ ചെറുത്തതായിരുന്നു അവര്‍ ചെയ്ത കുറ്റം. ‘ഹര്‍മദ് ബാഹിനി’ എന്നു പേരുള്ള കമ്യൂണിസ്റ്റ് ഗുണ്ടകള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയും പുരുഷന്മാരെ നിരന്തരം അടിച്ചൊതുക്കിയും അവരുടെ കൊച്ചുകുടിലുകളും കൊയ്തെടുത്ത വിളകളും തീയിട്ട് നശിപ്പിച്ചും ഗ്രാമീണരെ അവിടെ നിന്ന് ഓടിച്ചൊഴിപ്പിക്കുകയായിരുന്നു.
നന്ദിഗ്രാം കൂട്ടക്കൊല
ഇല്ലാത്തവന്റെ കുടിയും കൃഷിയിടവും കവര്‍ന്നെടുത്ത് വിദേശ കുത്തക കമ്പനിക്ക് കാണിക്ക വെക്കുവാന്‍ ബുദ്ധദേബ് ഭട്ടാചാര്യയുടെ കമ്യൂണിസ്റ്റ് ഭരണകൂടം നോട്ടമിട്ടത് നന്ദിഗ്രാമിലെ പതിനായിരത്തിലധികം ഏക്കര്‍ ഫലഭൂയിഷ്ടമായ ഭൂമിയായിരുന്നു. ഭൂമി രക്ഷാ കമ്മറ്റിയുണ്ടാക്കി പാവപ്പെട്ട കര്‍ഷകര്‍ ചെറുത്തു നില്പ്പിനിറങ്ങി. ‘ഹര്‍മദ് ബാഹിനി’ ലേബലില്‍ മാക്സിസ്റ്റു ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ട്, വീടുകള്‍ക്ക് തീയിട്ട്, ഒരുക്കിയ ഭീകര സംഘര്‍ഷത്തെ തുടര്‍ന്ന് ‘പട്ടിണിക്കാരന്റെ’ പാര്‍ട്ടി ഭരിച്ചിരുന്ന പോലീസ് പാവപ്പെട്ടവരെ വെടിവെച്ചിട്ടു. 14 കര്‍ഷകരാണന്ന് പിടഞ്ഞ് വീണത്. എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ പോലും ഇന്നും കൃത്യമായി ലഭ്യമല്ലെന്നത് മറ്റൊരു വസ്തുത!
അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയും നിലനിര്‍ത്താന്‍ വേണ്ടിയുമുള്ള തങ്ങളുടെ തന്ത്രങ്ങളെ വെല്ലുവിളിച്ചവരെയൊക്കെ അരിഞ്ഞു വീഴ്ത്തിയതാണ് ബംഗാളിലെ കമ്യൂണിസ്റ്റു ചരിത്രം. അവിടെ സഖാക്കളുടെ കൊലക്കത്തിക്കിരയായവരില്‍ പാവപ്പെട്ട ദളിത് സമൂഹവും മുസ്ലീങ്ങളും സന്യാസിമാരും കുട്ടികളും സ്ത്രീകളും എല്ലാവരുമുണ്ടായിരുന്നു. അന്നൊക്കെ പ്രതിപക്ഷത്തായിരുന്നതുകൊണ്ട് മരിച്ചവരധികവും കോണ്ഗ്രസ്സുകാരുമായിരിക്കും. ആ ചോരവീണ മണ്ണില്‍ കുഴിച്ചിട്ട ചെങ്കൊടി കോണ്‍ഗ്രസ്സ് പതാകയോട് ചേര്‍ത്തു കെട്ടുന്നത് കീരിയുടെ വായില്‍ പാമ്പ് തലവെച്ചു കൊടുക്കുന്നതു പോലെയായിരിക്കും. ലോകസഭയിലെ അമ്പതില്‍ പതിനഞ്ച് കോണ്‍ഗ്രസ്സ് അംഗങ്ങളെ സംഭാവന ചെയ്ത കേരളത്തിലെ കോണ്ഗ്രസ്സുകാര് അങ്ങനെ പറയുവാന്‍ ധൈര്യപ്പെടുന്നില്ലെങ്കില്‍ ആരുണ്ടാചുമതലയേറ്റെടുക്കുവാനെന്നതാണ് ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: