തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി) യുടെ ഭാഗമായുള്ള മലങ്കര കനാല്‍ ഇന്നും നാളെയുമായി തുറക്കും. കഴിഞ്ഞമാസം അവസാനം ഇടത് വലത് കര കനാലുകള്‍ തുറക്കുവാന്‍ വൈകുന്നത് ജലക്ഷാമത്തിന് കാരണമാകുന്നതായി കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇടതുകര കനാല്‍ ഇന്ന് രാവിലെ ആറിന് തുറക്കും. തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാല്‍ നാളെ രാവിലെ അഞ്ച് മുതലും തുറക്കുമെന്ന് എംവിഐപി സബ് ഡിവിഷന് നമ്പര്‍ വണ്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിജി എം.കെ. ജന്മഭൂമിയോട് പറഞ്ഞു.
അറിയിപ്പ് പ്രകാരം വെള്ളമെത്തുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഇറങ്ങരുതെന്നും മൃഗങ്ങളെ കെട്ടരുതെന്നും എഎക്സ്ഇ അറിയിച്ചു. ചെറിയ തോതിലാകും ആദ്യം വെള്ളമെത്തുകയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒഴുക്ക് കൂടുമെന്നും അവര്‍ വ്യക്തമാക്കി.
ഡാമില്‍ 39 മീറ്ററിന് മുകളില്‍ വെള്ളം ഉണ്ടെങ്കിലാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കില്‍ ഡാമില്‍ 39.5 മീറ്ററിന് മുകളിലും ജലനിരപ്പ് വേണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 41.56 മീറ്ററാണ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
വെള്ളം തുറന്നു വിടുന്നതിന് മുന്നോടിയായി കനാലിലെ അറ്റകുറ്റപണികളും ഇരുവശങ്ങളിലെയും കാട് തെളിക്കുന്ന ജോലികളും പൂര്‍ത്തിയാക്കി. ആദ്യ ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ സെ.മീറ്റര്‍ വീതം വെള്ളമാണ് കനാലിലൂടെ ഒഴുക്കുക. വരും ദിവസങ്ങളില്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്നും എംവിഐപി അധികൃതര്‍ പറഞ്ഞു.
സാധാരണയായി ഡിസംബര്‍ പാതിയോടെ തുറന്നിരുന്ന കനാല്‍ തുറക്കാന്‍ വൈകുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഈ വെള്ളം എത്തിയെങ്കില്‍ മാത്രമെ കനാല്‍ കടന്ന് പോകുന്ന ഭാഗങ്ങളിലെ കിണറുകളും നീര്‍ച്ചാലുകളും സജീവമാകുകയുള്ളൂ.
നിലവില്‍ മഴക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന ഇടവെട്ടി വലിയതോട് ചെറിയ നീര്ച്ചലായാണ് ഒഴുകുന്നത്. പലസ്ഥലങ്ങളിലും കിണറുകളിലെ വെള്ളം പറ്റുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: