രജിത വെഞ്ഞാറമൂട്
ജീവിതം നല്‍കിയ വെല്ലുവിളികളെ ഓരോന്നിനെയും മനോധൈര്യം ഒന്നുകൊണ്ട് മാത്രം നേരിട്ട ഒരു വെഞ്ഞാറമൂടുകാരന്‍. സിനിമാ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കനല്‍ വഴികളിലൂടെ നടക്കുന്ന സിനിമാ സംവിധായകന്‍. വിധിയും സംവിധായകനും തമ്മില്‍ പൊരുതുകയാണ്. ആക്ഷന്‍ സിനിമകളിലേക്കാള്‍ പൊരിഞ്ഞ പോരാട്ടം. വിധി ഓരോ തവണയും വഴി മുടക്കുമ്പോഴും പോരാട്ടം നിര്‍ത്താന്‍ വെഞ്ഞാറമൂട് കിളിവീട്ടില്‍ ജഹാംഗീര്‍ ഉമ്മര്‍ തയ്യാറല്ല. സിനിമാലോകത്തെ പ്രതിസന്ധികളെ നേരിടുന്നതിനിടെ ശരീരത്തെ തളര്‍ത്താന്‍ എത്തിയ രോഗത്തിനോടും ജീവനെടുക്കാന്‍ വന്ന അപകടത്തോടും പോരാടി ജഹാംഗീര്‍ ഉമ്മര്‍ കടന്നുവന്ന വഴികള്‍ മറ്റുള്ളവര്‍ക്ക് വലിയ ഒരു പാഠപുസ്തകമാണ്.
പ്രീഡിഗ്രി പഠനകാലം മുതല്‍ക്കേ സിനിമാ മോഹവുമായി നടന്ന ചെറുപ്പക്കാരന്‍. ചെറിയ വേഷങ്ങളില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും അഭിനയമല്ല തനിക്ക് വഴങ്ങുന്നത്, സംവിധാനമാണെന്നു തിരിച്ചറിഞ്ഞ് അതിലേക്ക് തിരിഞ്ഞു. എന്‍. ശങ്കരന്‍ നായരുടെ സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സംവിധാന രംഗത്ത് തുടക്കം. പിന്നീട് ടി.വി. ചന്ദ്രന്‍, കെ.പി. ശശി, ശ്രീക്കുട്ടന്‍, ജി.എസ്. വിജയന്‍ തുടങ്ങിയ സംവിധായകരോടൊപ്പം സഹസംവിധായകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അപ്പോഴെല്ലാം മനസില്‍കൊണ്ട് നടന്ന സ്വതന്ത്ര സംവിധായകന്‍ എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയുള്ള പരിശ്രമത്തിലായി ജഹാംഗീര്‍.
2003ല്‍ കലാഭവന്‍ മണിയെ നായകനാക്കി ‘അരവിന്ദന്റെ കുടുംബം’ എന്ന തന്റെ ആദ്യ സിനിമയുടെ ചിത്രീകരണങ്ങള്‍ക്കിടയിലാണ് സിനിമയിലെ ക്ലൈമാക്‌സില്‍ അപ്രതീക്ഷിതമായി എത്തി കഥാഗതിയെ മാറ്റിമറിക്കുന്ന വില്ലനെപ്പോലെ ജഹാംഗീറിന്റെ ജീവിതം മാറ്റിമറിക്കാന്‍ വൃക്കരോഗം വില്ലനെ പോലെ കടന്നുവന്നത്. തുടര്‍ന്നിങ്ങോട്ട് ഒന്നര പതിറ്റാണ്ട് കാലത്തിനിടെ അറുന്നൂറിലേറെ ഡയലിസിസുകള്‍. ഡോണര്‍ക്കു വേണ്ടിയുള്ള ഒരുപാട് തെരച്ചിലുകള്‍ക്ക് ഒടുവില്‍ ആദ്യത്തെ വൃക്ക മാറ്റിവെയ്‌പ്പ്. ശാരീരിക അവശതകള്‍ സിനിമാമോഹത്തെ മുരടിപ്പിച്ചില്ല. വീണ്ടും സിനിമയിലേക്ക്. ഒരിക്കല്‍ മുടങ്ങിയ സംവിധാന മോഹം പൂര്‍ത്തീകരിക്കാന്‍ സുരേഷ്‌ഗോപിയെ നായകനാക്കി ‘ഛായാചിത്രം’ എന്ന സിനിമ നിര്‍മിക്കാന്‍ വേണ്ട പരിശ്രമം നടന്നുവരവെ വീണ്ടും രോഗം വില്ലനായി എത്തി.
അണുബാധയെ തുടര്‍ന്ന് വീണ്ടും വൃക്ക മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ. അതിനെ അതിജീവിച്ച് വന്നപ്പോഴും വിധി വെറുതെവിട്ടില്ല. ഇത്തവണ വാഹനാപകടത്തിന്റെ രൂപത്തിലായിരുന്നു. മരണമുഖത്തുനിന്നു രക്ഷപ്പെട്ടു തിരിച്ചു വരുമ്പോഴും രോഗശയ്യയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴുമെല്ലാം ജഹാംഗീറിന്റെ മനസില്‍ സിനിമ നിറഞ്ഞുനിന്നിരുന്നു. ഒടുവില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമേകാന്‍ ഓരോ പ്രതിസന്ധിയെയും സധൈര്യം അതിജീവിച്ചു വന്ന സ്വന്തം ജീവിതം തന്നെ സിനിമയാക്കണമെന്നും അവയവദാനം മഹാപുണ്യ പ്രവര്‍ത്തിയാണെന്നും അതിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നുമുള്ള ഉദ്ദേശത്തോടെ രോഗശയ്യയില്‍ കിടന്നുതന്നെ അദ്ദേഹം തന്റെ പുതിയ സര്‍ഗസൃഷ്ടിക്കുവേണ്ടിയുള്ള തിരക്കഥ തയാറാക്കി തുടക്കി. ഈ സിനിമയില്‍ നിന്നും കിട്ടുന്ന ലാഭവിഹിതത്തിന്റെ ഒരു വിഹിതം തന്നെപോലെ കഷ്ടപ്പെടുന്ന വൃക്ക രോഗികള്‍ക്കും കൊടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ജഹാംഗീര്‍ ‘മാര്‍ച്ച് രണ്ടാം വ്യാഴം’ എന്ന സിനിമ സംവിധാനം ചെയ്തു.
രോഗശയ്യയിലും സിനിമ സ്വപ്‌നം കാണുന്ന ജഹാംഗീറിന്റെ മോഹം സാക്ഷാല്‍ക്കരിക്കാന്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കം മുന്നോട്ടുവന്നു. വായ്പയെടുത്തും ബന്ധുക്കളും നിരവധി സുഹൃത്തുക്കളുടേയുമൊക്കെ സഹായത്താല്‍ നിര്‍മിച്ച സിനിമ പക്ഷേ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ജഹാംഗീറിനു സമ്മാനിച്ചത്. അപ്രതീക്ഷിതമായി വന്ന പ്രളയം കാരണം മാറ്റിവെയ്‌ക്കപ്പെട്ട സിനിമയുടെ റിലീസിംഗ് തീയതിയായിരുന്നു ആദ്യ തിരിച്ചടി. പ്രളയശേഷം സിനിമ റീലീസ് ചെയ്യാന്‍ 60 തീേയറ്ററുകള്‍ എടുത്ത് കൊടുക്കാമെന്നു പറഞ്ഞ ഡിസ്ട്രിബ്യൂട്ടര്‍ കൊടുത്തത് 27 തീയേറ്ററുകള്‍. അവിടെ കിട്ടിയതോ വെറും 33 ഷോകളും. മുന്‍നിര നായകന്മാരുടെ ചിത്രങ്ങള്‍ക്കിടയില്‍ ജഹാംഗീറിന്റെ സ്വപ്‌ന സിനിമ ചിന്നിച്ചിതറി. തോറ്റു പിന്മാറാന്‍ തയാറാകാത്ത ഇദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ഇതെത്തിക്കാനായി ഗള്‍ഫില്‍ ഉള്ള സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗള്‍ഫില്‍ റിലീസുചെയ്യാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ചെയ്തു. പക്ഷേ അവിടെയും വിധി ജഹാംഗീറിനു മുന്നില്‍ വില്ലനായി അവതരിച്ചു. ഇത്തവണ കൊറോണയുടെ രൂപത്തിലായിരുന്നുവത്. മഹാമാരിയില്‍ പെട്ട് വിദേശത്ത് തീയേറ്ററുകള്‍ അടച്ചപ്പോള്‍ വീണ്ടും വിധിയുടെ ക്രൂരതയില്‍പ്പെട്ട് ആടിയുലഞ്ഞത് രോഗംപോലും കീഴ്‌പ്പെടുത്താത്ത ജഹാംഗീറിന്റെ മനസ് ആയിരുന്നു. ഇത്രയേറെ തിരിച്ചടി ഉണ്ടായിട്ടും ഇപ്പോഴും ജഹാംഗീര്‍ തളര്‍ന്നു പിന്മാറാന്‍ തയ്യാറല്ല.കോടികളുടെ ബാധ്യത, കടക്കാരുടെ ഭീഷണി, ഇതിനിടയില്‍ പലപ്പോഴും മുടങ്ങിപോകുന്ന ചികിത്സ. എങ്ങനെയും അതിജീവിക്കണം. അങ്ങനെ പ്രമുഖ അഭിനേതാക്കളും മുന്‍നിര ഗായകരും പാടിയ അഞ്ച് മനോഹര ഗാനങ്ങളുമുള്ള സ്വന്തം ജീവിതത്തിന്റെ അനുഭവസാക്ഷ്യമായ സിനിമ ഓണ്‍ലൈനില്‍ റീലീസ് ചെയ്തു. സഹായിച്ച എല്ലാവര്‍ക്കും ക്യാഷ് തിരികെ കൊടുക്കാന്‍. കിട്ടുന്ന ലാഭത്തില്‍ ഒരു വിഹിതം ചാരിറ്റിക്കും കൊടുക്കാം എന്നലക്ഷ്യവുമായി.
ജഹാംഗീറിന്റെ എല്ലാ പോരാട്ടത്തിനും കൂട്ടായി ഒപ്പമുള്ളത് ഉമ്മ ആബിദ ബീവിയും ഭാര്യ സുമിയും ഇരുപതു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ മകന്‍ ഹസന്‍ ജഹാംഗീറും. ഇത്രയും തിരിച്ചടികള്‍ ഉണ്ടായിട്ടും ജഹാംഗീര്‍ പ്രതീക്ഷ കൈവെടിയുന്നില്ല. തന്റെ സിനിമ പ്രേക്ഷകരിലെത്തുമെന്നും തന്റെ പ്രയത്‌നത്തിന് എന്നെങ്കിലും അംഗീകാരം ഉണ്ടാകുമെന്ന വിശ്വാസത്തോടെ വിധിയുടെ വേട്ടയാടലിനെ പ്രതിരോ
ധിക്കുകയാണ് ഈ മനുഷ്യന്‍.
സിനിമയുടെ ലിങ്ക്:https://4linecinema.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: