മൂലമറ്റം: ഒറ്റനോട്ടത്തില്‍ ആരുടേയും മനംകവരുന്ന ഒന്നാണ് പരന്നുകിടക്കുന്ന മലങ്കര ജലാശയം. പ്രകൃതിയൊരുക്കിയ മടിത്തട്ടില്‍ വശ്യമനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ജലാശയത്തിന്റെ ആഴങ്ങളില്‍ പതിയിരിക്കുന്ന മരണക്കയങ്ങളെക്കുറിച്ചു പലര്‍ക്കും അറിയില്ലായെന്നതാണ് യാഥാര്‍ഥ്യം.
ജലസേചന വകുപ്പിനു കീഴിലെ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ ഭാഗമാണ് 1994-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മലങ്കര ജലാശയം. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും മലങ്കര ജലാശയം അനേകം ജീവനുകളാണ് കവര്‍ന്നെടുത്തത്. ഒടുവിലായി മരണം കവര്‍ന്നത് നടന് അനില്‍ പി. നെടുമങ്ങാടിനെയാണ്. ഈ മേഖലയില്‍ മാത്രം ഏതാനും വര്ഷങ്ങള്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.
മുട്ടം മുതല്‍ മൂലമറ്റം വരെ പരന്നുകിടക്കുന്ന ഈ ജലാശയം പരിസരവാസികള്‍ക്ക് പരിചിതമാണെങ്കിലും സഞ്ചാരികള്‍ക്കു മരണക്കെണിയാവുകയാണ്. ഒറ്റപ്പെട്ട കയങ്ങളും കുഴികളും പെട്ടെന്ന് തിരിച്ചറിയാനാവില്ല. ജലാശയത്തിന്റെ മുകള്‍ഭാഗത്ത് തണുപ്പ് കുറവാണെങ്കിലും, താഴ്ചയില്‍ ശക്തമായ തണുപ്പാണുള്ളത്. നീന്തല്‍ നന്നായി അറിയാവുന്നവര്‍ക്കുപോലും കഠിനമായ തണുപ്പില്‍ കൈകള്‍ കുഴയും. ആയാസപ്പെട്ട് നീന്തുന്നതിനിടെ ഹൃദയതാളം തെറ്റുന്നത് ഹൃദയസ്തംഭനത്തിനും കാരണമാകാം. ചെറിയ ആഴമേ ഉള്ളൂവെന്ന ധാരണയില്‍ ഇറങ്ങുമ്പോള്‍ ചതുപ്പില്‍ കാലുകള്‍ ഉറച്ചു പോകും. പിന്നീട് മുകള്‍ പരപ്പിലേക്ക് കുതിച്ചെത്താനാവാതെ വരുന്നതാണ് അപകടത്തിനു കാരണമാകുന്നത്.
ജില്ലയിലെ ഒരു ഡസണിലധികം വരുന്ന സംഭരണികളിലെ ഏറ്റവും ചെറുതാണ് മലങ്കര അണക്കെട്ട്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷിയെങ്കിലും അനില്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് 40 മീറ്ററായിരുന്നു ജലനിരപ്പ്.
ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുത നിലയത്തില്‍ വൈദ്യുതി ഉത്പാദന ശേഷം പുറത്തുവിടുന്ന വെള്ളമാണ് മലങ്കര ഡാമിലെ പ്രധാന ജലസ്രോതസ്. ഈ വെള്ളമാണ് പിന്നീട് മലങ്കരയിലെ വൈദ്യുതി ഉത്പാദനത്തിനു ശേഷം തൊടുപുഴ, മൂവാറ്റുപുഴ ആറായി ഒഴുകുന്നത്.
എന്‍.ആര്. ഹരിബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: