തിരുവനന്തപുരം: തലസ്ഥാന കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഎം ജില്ലാ കമ്മറ്റിയില്‍ ഗ്രൂപ്പ് പോര് ശക്തം. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ത്ഥിയെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് തള്ളി. തലസ്ഥാന ജില്ലയുടെ മേയറെ സംസ്ഥാനകമ്മറ്റി നിര്‍ദ്ദേശിക്കേണ്ടെന്നും ജില്ലാ സെക്രട്ടേറിയേറ്റ് നിലപാട് സ്വീകരിച്ചു.
മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി.എസ്.ബാബുവിനെ എം.വി.ഗോവിന്ദനും കടകംപള്ളിസുരേന്ദ്രനും ചേര്‍ന്ന് നിര്‍ദേശിക്കുകയും ചെയ്തു. ബാലസംഘം മുതല്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി, ഹൈദരാബാബാദ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ നേതാവാണ്, ജയില്‍വാസം അനുഷ്ഠിച്ചു തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല എം.വി.ഗോവിന്ദന്റെ ‘മാവോയിസം കാടുകയറുമ്പോള്‍’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നതും എഴുത്തുകാരികൂടിയായ ഗായത്രിയാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം തലസ്ഥാനത്തെ നേതാക്കള്‍ തള്ളി.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തില്‍ ഗായത്രി ബാബുവിന്റെ പേര് നിര്‍ദേശിച്ച കടകംപള്ളി ഒറ്റപ്പെട്ടു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ടി.എന്‍.സീമ എന്നിവര്‍ ശക്തമായി എതിര്‍ത്തു.
യുവാക്കളെ പരിഗണിക്കുകയാണെങ്കില്‍ പാര്‍ട്ടി അംഗത്വമുള്ള ബാലസംഘം സംസ്ഥാന പ്രസിഡന്റും മുടവന്‍മുഗള്‍ കൗണ്‍സിലറുമായ ആര്യ രാജേന്ദ്രന്‍ മതിയെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. മാത്രമല്ല ആര്യ രാജേന്ദ്രന്‍ കേശവദേവ് സിപിഎം ബ്രാഞ്ച് അംഗവുമാണെന്നും കടകംപള്ളിയെ ആനാവൂര്‍ നാഗപ്പന്‍ ഓര്‍മ്മിപ്പിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റിന് വിടുകയായിരുന്നു.
സെക്രട്ടേറിയേറ്റില്‍ കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ വി.കെ മധു, സി.അജയകുമാര്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ മാത്രമാണ് അനുകൂലിച്ചത്്. ആനാവൂര്‍ നാഗപ്പനൊപ്പം കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി.ശിവന്‍കുട്ടി, എം.വിജയകുമാര്‍, ബി.പി.മുരളി എന്നിവര്‍ ആര്യാ രാജേന്ദ്രന്‍ മതിയെന്ന് ശഠിച്ചു. ഇതോടെ കടകംപള്ളിയുടെ നിര്‍ദ്ദേശം സെക്രട്ടേറിയറ്റും തള്ളുകയായിരുന്നു. ഏറെക്കാലമായി തലസ്ഥാനത്ത് കടകംപള്ളി-ആനാവൂര്‍ ഗ്രൂപ്പ് പോര് രൂക്ഷമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: