കോഴിക്കോട്: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠത്തില്‍ സിസ്റ്റര്‍ ജ്യോതിസിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ തുടരന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. നേരത്തെ ആത്മഹത്യ എന്ന് ലോക്കല്‍ പോലീസ് എഴുതിത്തള്ളിയതാണ് ഈ കേസ്. സിസ്റ്റര്‍ ജ്യോതിസിന്റെ മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
1998 നവംബര്‍ 20നാണ് സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറില്‍ സിസ്റ്റര്‍ ജ്യോതിസ്സിനെ മരിച്ച നിലയില്‍ കണ്ടത്. സിസ്റ്റര്‍ക്ക് 21 വയസായിരുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സിസ്റ്റര്‍ ജ്യോതിസ്സിന്റെ ജനനേന്ദ്രിയത്തില്‍ മുറിവുള്ളതായും രക്തം വാര്‍ന്നിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ആത്മഹത്യയെന്ന് ലോക്കല്‍ പോലീസ് വിധിയെഴുതി.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ജീവനൊടുക്കാനുള്ള ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും കുടുംബം ഉറച്ച് വിശ്വസിക്കുന്നു. പോലീസ് അന്വേഷണത്തിന് എതിരെ സിസ്റ്ററുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിനൊടുവില്‍ ലോക്കല്‍ പോലീസിന്റെ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ച് ശരിവച്ചു. ആത്മഹത്യ തന്നെയാണ് ഇതെന്ന് ക്രൈംബ്രാഞ്ചും വിധിയെഴുതി. അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചെങ്കിലും അത് കോടതി പരിഗണിച്ചില്ല.
മാറി മാറി വന്ന ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് മുന്നിലെല്ലാം ഈ കുടുംബം പരാതിയുമായി ചെന്നെങ്കിലും ഒന്നും നടന്നില്ല. ഇതോടെ നിരാശരായി ഇവര്‍ നിയമപോരാട്ടം അവസാനിപ്പിച്ചു. സിസ്റ്റര്‍ ജ്യോതിസിന്റെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക് ലെയ്‌മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയാവുന്നത്. ഡിജിപി തുടരന്വേഷണത്തിന് ഉത്തരവിട്ടതിന്റെ ഭാഗമായി സിസ്റ്റര്‍ ജ്യോതിസ്സിന്റെ മാതാപിതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. പരാതിക്കാരനായ ജോര്‍ജ് മാളിയേക്കലിന്റെയും മൊഴിയെടുത്തിട്ടുണ്ട്.
















