കാസര്‍കോട്: യാദവകുലത്തെ പോലെ ബിജെപി തമ്മിലടിച്ചു നശിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ പ്രതിപക്ഷനേതാവുമായ രമേഷ് ചെന്നിത്തലയുടെ പ്രസ്താവന യാദവസമുദായത്തെ അപമാനിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന ഭയമാണ് രമേശ് ചെന്നിത്തലയ്ക്ക്. ബിജെപി നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ യാദവസമുദായത്തെ അപമാനിച്ച രമേശ് ചെന്നിത്തല പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം.
മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം അവകാശപ്പെടുന്ന കോണ്‍ഗ്രസ് കാസര്‍കോട് ഉള്‍പ്പെടെ പല ജില്ലകളിലും ലീഗിനു കീഴടങ്ങിയിരിക്കുകയാണ്. അര്‍ഹതപ്പെട്ട കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോലും ലീഗിനോട് ചോദിച്ചു വാങ്ങാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വം ജമാത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര ഇസ്ലാമിക സംഘടനകളുടെയും പരസ്യസഹായം തേടിയാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ദേശീയതലത്തില്‍ മാത്രമല്ല കേരളത്തിലും കോണ്‍ഗ്രസ് അപ്രത്യക്ഷമാകുന്നതിന്റെ തുടക്കം കുറിക്കലായിരിക്കും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിക്ക് അടുത്ത തവണ വയനാട് ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കണമെങ്കില്‍ ലീഗ് കനിയേണ്ട ഗതികേടാണ്. ബിജെപിയെ കുറിച്ച് ആശങ്കപ്പെടുന്നതിനു പകരം മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ മുസ്ലീംലീഗ് വിഴുങ്ങുന്നതിനെ കുറിച്ചാണ് രമേശ് ചെന്നിത്തല ആശങ്കപ്പെടേണ്ടതെന്ന് ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: