തിരുവനന്തപുരം: ചലച്ചിത്ര പ്രേമികളുടെ ആരാധനാ കഥാപാത്രമായി ഇടം പിടിച്ച കിം കി ഡുക്ക് എന്ന ദഷിണ കൊറിയന്‍ സംവിധായകന്‍ 2013ലെ ഫിലിം ഫെസ്റ്റിവെലിലാണ് പ്രത്യേക അതിഥിയായി തലസ്ഥാനത്ത് എത്തിയത്. അതുവരെ അദ്ദേഹത്തെക്കുറിച്ച് സിനിമ കണ്ട അറിവേ ഉണ്ടായിരുന്നുള്ളൂ തലസ്ഥാന വാസികള്‍ക്ക്. ഭാവത്തില്‍ ഗൗരവവും എന്നാല്‍ അടുത്ത് അറിയുമ്പോള്‍ അടുത്ത സുഹൃത്തുമായിമാറുന്ന പ്രകൃതമായിരുന്നു കിം കി ഡുക്കിന്റേത്.
സിനിമാപ്രേമികള്‍ക്ക് ഹരമായിരുന്നു കിം കി ഡുക്കിനോട്. ഫിലിം ഫെസ്റ്റിവെലില്‍ ഇത്രയധികം ആരാധകരെ നേടിയെടുത്ത മറ്റൊരു സംവിധായകനും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ തറയിലെങ്കിലും ഇരുന്നു കാണാന്‍ മണിക്കൂറുകള്‍ ക്യൂ നിന്നിട്ടുണ്ട് സിനിമാ പ്രേമികള്‍. പ്രദര്‍ശനം കഴിയുന്നതോടെ എല്ലാവരും സംവിധായകനെത്തേടി നടക്കാറുണ്ട്.
2013ല്‍ കിമ്മിന്റെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ച ‘മോബിയാസ്’ ഉണ്ടാക്കിയ ‘കിം തരംഗം’ മേളയിലെ മറ്റൊരു സിനിമയ്‌ക്കും ലഭിച്ചിരുന്നില്ല. ഇതോടെ തലക്കനമില്ലാത്ത സംവിധായകന് എല്ലാവരും കൂട്ടൂകാര്‍. ഒന്നു ചിരിച്ചാന്‍ ആരോടും കുശലം ചോദിക്കും. ഫോട്ടോയ്‌ക്ക് നില്‍ക്കും. പുറത്ത് നടത്തത്തിന് ഇറങ്ങിയാല്‍ സ്വന്തം നാട്ടിലെന്നോണം ചിരിച്ച മുഖവുമായി സൗഹൃദം. ഒടുവില്‍ ഓമനപേരും ലഭിച്ചു കിംകി.
മലയാളത്തെ കൂടുതല്‍ അറിയാന്‍ കോവളം സന്ദര്‍ശിച്ച് നാടന്‍ ഭക്ഷണവും കഴിച്ചായിരുന്നു അന്ന് കിംകിയുടെ മടക്കം. ഈ വര്‍ഷം നടക്കേണ്ട മേളയില്‍ കിംകിയെ എത്തിക്കുമെന്ന് സംഘാടകര്‍ കഴിഞ്ഞ തവണ സിനിമാ പ്രേമികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ കൊറോണയായതിനാല്‍ മേള നടന്നില്ല. ഇനി മേള നടക്കുമ്പോള്‍ കിംകി കൂട്ടിനെത്തിയില്ലെങ്കിലും വ്യഖ്യാത സംവിധായകന്റെ സിനിമകളുടെ പ്രദര്‍ശനങ്ങളില്‍ സിനിമാ പ്രേമികള്‍ക്ക് അദ്ദേഹം കൂട്ടിന് ഉണ്ടാകും.
















