കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍മാരെ അകാരണമായി സ്ഥലംമാറ്റിയ സംഭവത്തില്‍ എടിഒയ്‌ക്ക് കിട്ടിയത് എട്ടിന്റെ പണി. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ എടിഒ കെ.ബി സാമിനെ ചേര്‍ത്തലയിലേക്ക് സ്ഥലംമാറ്റി. ഡ്രൈവര്‍മാരായ എല്‍.ജയകുമാര്‍, ആര്‍.സുമേഷ്, എസ്.വിക്രമന്‍ എന്നിവരോടാണ് കോവിഡ് കാലത്ത് എടിഒ ക്രൂരത കാട്ടിയത്.
മെഡിക്കല്‍ ലീവ് എഴുതി നല്‍കിയ ശേഷം അവധിയില്‍ പോയ ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ലെന്ന നുണ പ്രചരിപ്പിച്ചാണ് ഡ്രൈവര്‍മാരെ പ്രതികാര നടപടിയെന്നോണം വടക്കന്‍ ജില്ലകളിലേക്ക് എറ്റിഒ ഇടപെട്ട് സ്ഥലം മാറ്റിയത്. മെഡിക്കല്‍ രേഖകള്‍ പുറത്തുവന്നതോടെയാണ് സ്ഥലംമാറ്റം അകാരണമെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് സ്ഥലംമാറ്റിയ മൂന്നുപേരെയും തിരകെ കൊട്ടാരക്കര ഡിപ്പോയില്‍ നിയമിക്കുകയും ചെയ്തു. തുടര്‍ന്നാണ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ എടിഒയെ സ്ഥലംമാറ്റിയത്.
















