തൊടുപുഴ: ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജകളും വഴിപാടുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എവിടെയിരുന്നും ഭക്തജനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി ഭാരവാഹികള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ആപ്ലിക്കേഷന്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്ലേ സ്റ്റോറില്‍ ലഭ്യമായ ‘എല്ലാം’ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പുരാതനവും പരമ്പരാഗത രീതികള്‍ക്ക് കോട്ടം തട്ടാതെ പൂജാദികര്‍മ്മങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജകളുടെയും വഴിപാടുകളുടെയും തുകകള്‍ അറിയാനും പ്രസ്തുത വഴിപാടുകള്‍ ഭഗവാന് സമര്‍പ്പിക്കുവാനും ഇതുവഴി സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്രത്തിലെത്താതെ തന്നെ ഏതൊരാള്‍ക്കും ഇതുപയോഗിക്കാമെന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നുമുള്ളതുമാണ് പ്രത്യേകത. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പൊതുയിടങ്ങളിലേക്ക് എത്താന്‍ മടിക്കുമ്പോഴാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ വിജയം നേടുന്നത്.
ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നാല് പേര് ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സംരഭം എന്ന തരത്തില്‍ ‘എല്ലാം ‘ എന്ന ആപ്ലിക്കേഷന്‍ ഉള്‍പ്പെടുന്ന കമ്പനി ആരംഭിച്ചത്. കേരള സ്റ്റാട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അനന്തം ഓണ്‍ലൈന്‍ എന്ന കമ്പനിയുടെ കീഴിലാണ് ആപ്ലിക്കേഷന്‍ ഉള്‍പ്പെടുന്നത്.
പ്രശാന്ത് പി. നായരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഒരു സ്ഥലത്തെ ആളുകള്‍ക്ക് വേണ്ട എല്ലാ സര്‍വ്വീസുകളും ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രൊജക്ട് ആരംഭിച്ചത്. ഇതിലെ ആദ്യ പ്രാര്‍ത്ഥന എന്ന സെക്ഷന്‍ കീഴില്‍ തളിയില്‍ മഹാദേവ ക്ഷേത്രം അടക്കം 25 അമ്പലങ്ങള്‍ ഇതുവരെ ഉള്‍പ്പെടുത്തി കഴിഞ്ഞു.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉറവപ്പാറ അമ്പലത്തിന്റെ പേര് മെനുവില്‍ നിന്ന് സെലക്ട് ചെയ്യുക. ഇതില്‍ വഴിപാട് വിവരങ്ങളും തുകയും നല്കിയിട്ടുണ്ടാകും. താല്പര്യമുള്ള വഴിപാടുകള്‍ നാളും പേര് നല്കിയ ശേഷം തെരഞ്ഞെടുക്കുക. ഇത് ഉടനടി തന്നെ ക്ഷേത്രം ഭാരവാഹിക്ക് മെസേജായി ലഭിക്കും. ഇദ്ദേഹം ഇത് സ്വീകരിച്ചാല്‍ അത് വഴിപാട് ബുക്ക് ചെയ്യുന്നയാള്‍ക്ക് അറിയാനും സൗകര്യമുണ്ട്. പണം അടച്ച് കഴിയുമ്പോഴും മെസേജ് ലഭിക്കും. പൂജ ചെയ്ത ശേഷം ഇത് ബുക്ക് ചെയ്ത ആളുകളെ അറിയിക്കാനും സംവിധാനമുണ്ട്. ബുക്ക് ചെയ്ത പൂജയുടെ ദിവസം മാറ്റിയാല്‍, ഇക്കാര്യവും അറിയാനാകും.
ആപ്ലിക്കേഷന്‍ ലിങ്ക്- https://play.google.com/store/apps/details?id=com.ellam.consumer. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ് ദേവി ക്ഷേത്രം, തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രം, മുനിപ്പാറ പാറമേല്‍ക്കാവ് ക്ഷേത്രം, അടിമാലി വൈഷ്ണ ഭഗവതി എന്നീ ക്ഷേത്രങ്ങളും ജില്ലയില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: