കൊല്ലം: കൊല്ലം കോര്പ്പറേഷന് നടപ്പാക്കിയ വിശപ്പുരഹിത നഗരം പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബിജെപി കിളികൊല്ലൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ഥി അഭിലാഷാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
ഉച്ചയ്ക്ക് നഗരത്തിലെത്തുന്ന പാവങ്ങള്‍ക്കും ജില്ലാ/വിക്ടോറിയ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ 1200 പേര്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്കാന് നഗരസഭ 2013 ല്‍ ആവിഷ്കരിച്ചതാണ് വിശപ്പുരഹിത നഗരം പദ്ധതി. ഇതിനായി 2013 മുതല്‍ പ്രതിവര്‍ഷം 50ലക്ഷം രൂപ ചെലവഴിക്കുന്നതായാണ് നഗരസഭയുടെ അവകാശവാദം. 2015ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ഇത് വലിയ നേട്ടമായി അവകാശപ്പെട്ട് ഇടതുപക്ഷം വോട്ടുതേടിയിരുന്നു.
നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഉച്ചയ്ക്കുചെന്നാല് ഈ പദ്ധതി പ്രവര്‍ത്തനരഹിതമാണെന്ന് നേരിട്ടുകണ്ട് ബോധ്യപ്പെടാം. കോവിഡ് മഹാമാരി വന്നതോടെ ജില്ലാ ആശുപത്രിയില്‍ നിരവധിപേര്‍ക്ക് സൗജന്യഭക്ഷണം കോര്‍പ്പറേഷന്റെ ഫണ്ടുപയോഗിച്ച് നല്കാനാരംഭിച്ചു. ഇവര്‍ക്ക് നല്കുന്നതാകട്ടെ അല്‍പ്പം ചോറും ഒരു ഒഴിച്ചുകറിയും പിന്നെ ഒരു തോരനും അടങ്ങുന്ന ഭക്ഷണം. ഈ ഊണ് വിതരണം ചെയ്യുന്നതിന് ഭീമമായ തുകയുടെ ബില്ലാണ് നഗരസഭയില്‍ ഹാജരാക്കപ്പെടുന്നത്.
ഡിവൈഎഫ്ഐക്കാര്‍ ഇവിടെ പൊതിച്ചോര്‍ വിതരണം ചെയ്തിരുന്നു. ഇതാകട്ടെ എല്ലാദിവസവും ഉണ്ടായിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ ഇടയ്ക്കിടെ മാത്രമേ ഈ പൊതിച്ചോര്‍ ലഭിക്കുകയുള്ളൂ. എന്നാല്‍ 2005 മുതല്‍ പുതിയകാവ് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ സേവാഭാരതിപ്രവര്‍ത്തകര്‍ ഇവിടെ എല്ലാ ദിവസവും ഉച്ചയ്ക്ക് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി അന്നപൂര്‍ണ എന്നപേരില്‍ മുടങ്ങാതെ കഞ്ഞിവിതരണം ചെയ്യുന്നുണ്ട്.
ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടിയാണ് അഭിലാഷ് വിജിലന്‍സിന് പരാതി നല്‍കിയത്. വിശപ്പുരഹിത നഗരം പദ്ധതി സ്തംഭിച്ചിരിക്കുകയാണെന്നും തുടങ്ങിയ കാലം മുതല്‍ ഇതിന്റെ പേരില്‍ ചെലവഴിച്ച ഫണ്ട് എവിടേക്കാണ് പോയതെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: