Categories: Kerala

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ജെസിബി വാടകയ്‌ക്ക് നല്‍കി സി.എം. രവീന്ദ്രന്റെ ഭാര്യ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍; തെളിവുകള്‍ കണ്ടെത്തി എന്‍ഫോഴ്‌മെന്റ്

സൊസൈറ്റിയില്‍ ഇഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്.

Published by

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ഭാര്യയും ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തേ, ഊരാളുങ്കല്‍ സൊസൈറ്റിയുമായി രവീന്ദ്രന്റെ ബന്ധം കണ്ടെത്താന്‍ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. സൊസൈറ്റിയില്‍ ഇഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്.  

എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് രവീന്ദ്രന്റെ ഭാര്യ കൈപ്പറ്റിയതെന്നും ഇഡി  റിപ്പോര്‍ട്ടില്‍ പറയുന്നു.  നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചതില്‍ രവീന്ദ്രന്റെ പേരില്ലാത്തതിനാല്‍ ബിനാമി ആയിരിക്കും നിക്ഷേപം നടത്തിയതെന്ന് ഇഡിക്ക് വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 2018 ല്‍ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകയ്‌ക്ക് കൈമാറിയതായി രേഖ ലഭിച്ചത്.

എണ്‍പത് ലക്ഷത്തിലധികം രൂപയാണ് ഉപകരണത്തിന്റെ വില. പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടര വര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ യന്ത്രം പ്രവര്‍ത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായും ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇഡി ശേഖരിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണത്തിനാണ് ഇഡി തയാറെടുക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക