ശ്ലോകം 272
സംസാരകാരഗൃഹ
മോക്ഷമിച്ഛോഃ
അയോമയം പാദ
നിബദ്ധശൃംഖലം
വദന്തിതജ്ഞാഃ
പടുവാസനാത്രയം
യോളസ്മാദ് വിമുക്തഃ
സമുപൈതിമുക്തിം
സംസാരമാകുന്ന തടവറയില്‍ നിന്ന് മോചിതനാവാന്‍ ആഗ്രഹിക്കുന്നയാളുടെ കാലുകളെ ബന്ധിക്കുന്ന ഇരുമ്പ് ചങ്ങലയാണ് വാസനാത്രയം എന്ന് തത്ത്വദര്‍ശികള്‍ പറയുന്നു. വാസനാത്രയത്തില്‍ നിന്ന് മോചിതനായാല്‍ സംസാരത്തില്‍ നിന്ന് മുക്തനാവും.
ലോക വാസനയും ദേഹവാസനയും ശാസ്ത്ര വാസനയുമാണ് സംസാര തടവറയില്‍ നമ്മെ പൂട്ടിയിടുന്ന ചങ്ങലകള്‍. തടവുപുള്ളിയെ ജയിലറയില്‍ ഇരുമ്പ് ചങ്ങലകൊണ്ട് ബന്ധിക്കുന്നത് പോലെ ജീവനെ സംസാരമാകുന്ന തടവറയില്‍ തളച്ചിടുന്നു. ഇത് പറയുന്നത് ആ കെട്ടുകളെല്ലാം പൊട്ടിച്ച് പുറത്തു വന്ന തത്ത്വദര്‍ശികളാണ്.
ലോക, ദേഹ, ശാസ്ത്ര വാസനാ ത്രയങ്ങളാകുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയണം എങ്കില്‍ മാത്രമേ സംസാരബന്ധനത്തില്‍ നിന്ന് പുറത്ത് കടക്കാനാവൂ. ചങ്ങല പൊട്ടിച്ചാല്‍ മാത്രമേ ജയില്‍ അറയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയൂ. നമ്മുടെ ശരീര മനോബുദ്ധികളുടെ താദാത്മ്യത്തേയാണ് ജയിലഴികളും ജയില്‍ഭിത്തികളുമായി അറിയേണ്ടത്. ഇവ നമുക്ക് ചുറ്റും നാം തന്നെ ഉണ്ടാക്കിയതാണ്. എന്നിട്ട് അതില്‍ വാസനാ ചങ്ങലകളെ കൊണ്ട് സ്വയം ബന്ധിതരാകുന്നു. ഈ പാഴ് വാസനകളെ തിരിച്ചറിഞ്ഞ് ആ ചങ്ങലക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ കഴിയണം. അങ്ങനെയെങ്കില്‍ നിരന്തരം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംസാരത്തിന്റെ പിടിയില്‍ നിന്ന് പുറത്ത് വരാനും മുക്തനാവാനും സാധിക്കും.
സംസാരമാകുന്ന കല്‍ത്തുറുങ്കില്‍ നിന്ന് മോചനം നേടാന്‍ വാസനകളുടെ ഇരുമ്പു ചങ്ങലകള്‍ അറുത്തുമാറ്റുക തന്നെ വേണം. ഇത് അങ്ങനെ അനുഭവസ്ഥരായ ബ്രഹ്മജ്ഞന്‍മാരുടെ പ്രഖ്യാപനമാണ്.
സമ്യഗ് ജ്ഞാനത്തിന് തടസ്സം നില്‍ക്കുന്ന മൂന്ന് വാസനകളും ഏറെ കുഴപ്പം ഉണ്ടാക്കും. ദേഹം മുഴുവന്‍ ചങ്ങലയില്‍ വരിഞ്ഞ് മുറുക്കപ്പെട്ടയാള്‍ക്ക് നടക്കാനോ കൈകാലുകള്‍ വേണ്ടപോലെ അനക്കുവാനോ കഴിയില്ല.
ചങ്ങലകാലില്‍ മാത്രമാണെങ്കിലും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകും.
വാസനാ ചങ്ങലയുടെ ബന്ധനം അത്ര കണ്ട് കടുപ്പമേറിയതാണ്. വാസനയില്‍ പെട്ടയാള്‍ക്ക് പരമപദം കിട്ടില്ല. അതിനാല്‍ വാസനകളുടെ ബന്ധനത്തില്‍ നിന്ന് പുറത്ത് വന്നേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: