ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത് ചോദ്യം ചെയ്തുള്ള ചന്ദ കൊച്ചാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. രാജിക്കുശേഷമാണ് ബാങ്ക് ചന്ദ കൊച്ചാറിനെ പുറത്താക്കിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ അനുമതിയില്ലാതെ പിരിച്ചുവിടാന്‍ കഴിയില്ലെന്ന കേസില്‍ കൊച്ചാറിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ വാദം കോടതി അംഗീകരിച്ചില്ല.
ഇതേ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അവര്‍ സുപ്രീംകോടതിയില്‍ എത്തിയത്. രാജിക്കുപിന്നാലെ കഴിഞ്ഞവര്‍ഷമാണ് ചന്ദ കൊച്ചാറിനെ പുറത്താക്കിയത്. 2019 ആദ്യമാണ് ചന്ദ കൊച്ചാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് എടുത്തത്.
ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ ധൂത്ത് എന്നിവരും കേസില്‍ പ്രതികളാണ്. വീഡിയോകോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന് 1,875 കോടി രൂപ വായ്പ അനുവദിച്ചതില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്ന് ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ കൊച്ചാര്‍ അന്വേഷണം നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: