കൂത്തുപറമ്പ്: സിപിഎം സംഘത്തിന്റെ അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മകനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂക്കോട് ഏഴാംമൈല്‍ സ്വദേശികളും ബിജെപി പ്രവര്‍ത്തകരുമായ വാഴയില്‍ പറമ്പത്ത് ഹൗസില്‍ കെ.അക്ഷയ്, എരിഞ്ഞിതല ഹൗസില്‍ പി.അതുല്‍, കിനാത്തി ഹൗസില്‍ കെ. ജിതേഷ് എന്നിവരെയാണ് ഞായറാഴ്ച രാത്രി സിപിഎം സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി അക്ഷയ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കനാല്‍ കരയില്‍ ബിജെപിയുടെ അഞ്ചാം വാര്‍ഡിലെ പ്രചരണ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നത് നേരില്‍ കണ്ടു.
തുടര്‍ന്ന് സിപിഎം സംഘം അക്ഷയ്യെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ അക്രമിസംഘം അക്ഷയയെ അടിച്ചുവീഴ്ത്തി. അക്ഷയ്ക്ക് തലയ്ക്കും ഇടതു കൈക്കും സാരമായി പരിക്കുപറ്റി. അക്ഷയ്യുടെ നിലവിളി കേട്ട് സംഭവസ്ഥലത്ത് ഓടിയെത്തിയ ബിജെപി പ്രവര്‍ത്തകരായ അതുലിനും ജിതേഷിനും നേരെയും അക്രമമുണ്ടായി.
അക്രമത്തിനിടയില്‍ അതുലിനെ കനാലിലേക്ക് തള്ളിയിട്ടു. കനാലിലുള്ള കുപ്പിച്ചില്ലുകള്‍ തറച്ച് അതുലിന്റെ രണ്ടുകാലിനും മുറിവേറ്റു. പരിക്കേറ്റ മൂന്നുപേരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സതേടി. അക്ഷയ്യുടെ ബൈക്കും അക്രമിസംഘം അടിച്ചു തകര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കതിരൂര്‍ പോലീസ് കനാലില്‍ നിന്നും ബൈക്ക് കണ്ടെടുത്തു. സിപിഎം പ്രവര്‍ത്തകരായ ജിതേഷ്, ഷിബിന്‍, ഷിജിന്, അക്ഷയ് എന്നിവരാണ് തങ്ങളെ ആക്രമിച്ചതെന്ന് അക്രമിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകര്‍ കതിരൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അക്രമത്തില്‍ പരിക്കുപറ്റിയ പി. അതുല്‍ കോട്ടയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി പി. രജിത കുമാരിയുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: