കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎം നേതാക്കള്‍ക്കും പേടി. സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും മുഖ്യമന്ത്രി പിണറായി വിജയനില്ല, പഞ്ചായത്തുകളില്‍ വിപ്ലവ വികസനം നടത്തിയെന്നു പറയുന്ന പാര്‍ട്ടി സെക്രട്ടറിയുടെ ചിത്രവുമില്ല.
അഴിമതി ഭരണം കാരണം, മുഖ്യമന്ത്രിയുടെ ചിത്രം സര്‍ക്കാര്‍ വക സ്വര്‍ണക്കടത്തും മറ്റു വിവാദങ്ങളും ഓര്‍മിപ്പിക്കുമെന്നാണ് പ്രാദേശിക നേതാക്കളുടെ ഭയം. പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ഓര്‍മിപ്പിക്കുമെന്നാണ് സ്ഥാനാര്‍ഥികളുടെ ആശങ്ക.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയില്‍ പാര്‍ട്ടി ഭാരവാഹികളായ രണ്ട് സ്ഥാനാര്‍ഥികള്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച് കാര്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരം വാര്‍ത്തകളുണ്ട്.
തൃപ്പൂണിത്തുറ താമരക്കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥി ജയാ പരമേശ്വരന്‍, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയംഗമാണ്, മഹിളാ അസോസിയേഷന്‍ സെക്രട്ടറിയാണ്, ശിശുക്ഷേമ സമിതിയംഗമാണ്, കര്‍ഷക സംഘത്തിന്റെ ഉത്തരവാദിത്വവുമുണ്ട്. പക്ഷേ, ഇത്രയൊക്കെ പാര്‍ട്ടി പദവികള്‍ ഉണ്ടായിട്ടും അവര്‍ മത്സരിക്കുന്നത് കാര്‍ ചിഹ്നത്തിലാണ്. ഒന്നുകില്‍ പാര്‍ട്ടിയുടെ ഒളിച്ചുകളി, അല്ലെങ്കില്‍ പാര്‍ട്ടി ചിഹ്നത്തിനെ സ്ഥാനാര്‍ഥിക്ക് പേടി.
അമ്പലം വാര്‍ഡില്‍ വാസുദേവന്‍ എന്ന സ്ഥാനാര്‍ഥി ‘കൊട്ടാര’ത്തില്‍നിന്നു വരുന്ന സ്ഥാനാര്‍ഥിയാണ്. കുട്ടന്‍ എന്ന വാസുദേവന്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്. പക്ഷേ മത്സരിക്കുന്നത് കാര്‍ ചിഹ്നത്തിലും. സാധാരണ സിപിഎമ്മിന്റെ നേതാക്കള്‍ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കാറില്ല എന്നിരിക്കെയാണ് ഈ വിചിത്രമായ ചിഹ്നം കളയല്‍ നടപടി. പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ മടിക്കുന്നവരെ ഒപ്പംനിര്‍ത്തി വോട്ടുനേടാന്‍ സഖാവ് ഇഎംഎസ് കൊണ്ടുവന്ന അടവുനയമായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കല്‍. പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിചിഹ്നം തന്നെ ഉപേക്ഷിച്ചുള്ള അടവുനയമാണ് ഇപ്പോഴത്തെ നേതൃത്വം പരീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ചിഹ്നം ഉപേക്ഷിക്കലുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: