തോറ്റ സ്ഥാനാര്‍ത്ഥിയുടെ പ്രകടനം നടന്നിട്ടുണ്ട് പണ്ട് ഒളവണ്ണയില്‍. വാശിയേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തോറ്റ സ്ഥാനാര്‍ത്ഥിയുടെ ‘പടുകൂറ്റന്‍’ പ്രകടനം വരികയാണ്. ജയിച്ചവര്‍ ഒരു വശത്ത്. അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. ഇരുകൂട്ടരെയും നിയന്ത്രിക്കാന്‍ പോലീസുകാരും. ഇന്നെന്തെങ്കിലുമൊക്കെ നടക്കുമെന്ന മട്ടില്‍ കുറേ നാട്ടുകാരും. നീണ്ട കാത്തിരിപ്പിനൊടുവില്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ ജാഥ വരുന്നു.
”ന്റമ്മ ചുട്ടൊരു വെള്ളേപ്പം
മൊട്ടേം കൂട്ടി തട്ടീട്ട്
ങ്ങനെയൊക്കെ പറയാമോ
മ്മള് നാളേം കാണണ്ടേ
ഉള്ളില്‍ സങ്കടമിണ്ട്‌ട്ടോ…”
മലയാളിയെ നിര്‍ത്താതെ ചിരിപ്പിച്ച കോമഡി സ്‌കിറ്റിന്റെ വിഷയമായിരുന്നു ആ തെരഞ്ഞെടുപ്പ്. പിന്നീട് സിനിമാതാരങ്ങളായ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും ദേവരാജനും പ്രദീപും സിറാജുമൊക്കെക്കൂടി മെനഞ്ഞെടുത്തതായിരുന്നു ട്രോളന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ സ്‌കിറ്റ്. ചിരവയേന്തിയ വീട്ടമ്മ അടയാളത്തില്‍ കണ്ണമ്പൊത്ത് ശശീന്ദ്രകുമാറും പേപ്പട്ടി ചിഹ്നത്തില്‍ അയ്യപ്പന്‍കുട്ടിയുമാണ് മത്സരത്തില്‍. അയ്യപ്പന്‍കുട്ടിയുടെ അമ്മ ചുട്ട വെള്ളേപ്പം കഴിച്ച് വളര്‍ന്നയാളാണ് ശശീന്ദ്രകുമാര്‍.
പ്രചാരണവും പ്രകടനവും മുദ്രാവാക്യം വിളിയുമെല്ലാം കൂടി നാട്ടിന്‍പുറത്തെ അനുഭവങ്ങളെ കോര്‍ത്തിണക്കിയതായിരുന്നു കാലിക്കറ്റ് വി ഫോര്‍ യു എന്ന ബാനറില്‍ ഒരുക്കിയ ഈ തമാശക്കഥ. മുദ്രാവാക്യങ്ങളില്‍ മാത്രമല്ല പ്രസംഗത്തിലുമുണ്ട് ആക്ഷേപ ഹാസ്യം.
ഫിലാഡല്‍ഫിയയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിച്ചതും ബ്രസീലില്‍ കന്നുകാലികള്‍ ചത്തടിയുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കണ്ണമ്പൊത്ത് ശശീന്ദ്രകുമാറിന്റെ വോട്ടഭ്യര്‍ത്ഥന. ആമസോണിലെ കാട്ടുതീയണയ്‌ക്കാന്‍ കോഴിക്കോട്ടെ പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന രാഷ്‌ട്രീയ പ്രഹസനങ്ങളുടെ നാട്ടില്‍ ഇത്തരം സ്‌കിറ്റുകള്‍ക്ക് സാര്‍വകാലീന പ്രസക്തിയുണ്ട്.
”നാട്ടിലെ നേരനുഭവങ്ങളില്‍ നിന്നാണ് ഈ സ്‌കിറ്റ് പിറന്നത്. പരിചയക്കാരാകും പലപ്പോഴും മത്സരത്തിനുണ്ടാവുക… ഞങ്ങള്‍ടെ കൂട്ടത്തില്‍ ദേവരാജനും നിര്‍മ്മലും ഒളവണ്ണ പഞ്ചായത്തുകാരാണ്. ഞാന്‍ പെരുമണ്ണയിലും. പഞ്ചായത്തിലാകുമ്പോള്‍ പരിചയക്കാരാകും സ്ഥാനാര്‍ത്ഥികള്‍. അങ്ങനെ തോന്നിയ ഒരു ആശയമാണ് സ്‌കിറ്റായത്. പെരുമണ്ണയില്‍ പണ്ടിതുപോലെ പ്രകടനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അടിയായിട്ടുണ്ട്. പോലീസൊക്കെ വന്ന് ആകെ പ്രശ്‌നം. അതിലൊരു നേതാവ്, ഇത്തിരി പ്രായമുള്ളയാളാണ്, ഉരിഞ്ഞുപോയ മുണ്ടും വാരിയെടുത്ത് ഓടുന്ന ചിത്രമൊക്കെ മനസ്സിലുണ്ട്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: