കുണ്ടറ: തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കുറുമണ്ണ വാര്‍ഡിന് ഇപ്പോള്‍ 21 ക്യാരറ്റ് തിളക്കമാണ്. എന്‍ഡിഎക്കുവേണ്ടി താമര ചിഹ്നത്തില്‍ കന്നിയങ്കത്തിനിറങ്ങുന്നത് 21കാരിയായ അമ്മുമോളാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിതാവ് അനില്‍കുമാറിന്റെ പാത പിന്തുടര്ന്ന് എബിവിപിയിലൂടെയാണ് അമ്മുമോള് പൊതുരംഗത്തെത്തുന്നത്. പോളിടെക്നിക് ബിരുദധാരിയാണ്. കാര്‍പെന്റര്‍ ജോലിക്കാരനാണ് അനില്‍കുമാര്‍. അമ്മ ഗിരിജ.
അകാലത്തില്‍ പൊലിഞ്ഞ തേവള്ളി വാര്‍ഡ് കൗണ്‍സിലറായിരുന്ന കോകിലയുടെ പ്രവര്‍ത്തനങ്ങളാണ് താന്‍ മാതൃകയാക്കുന്നതെന്ന് അമ്മുമോള് പറയുന്നു. യുവത്വത്തിന്റെ കരുത്തും പ്രസരിപ്പും തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്മുവിന്റെ മുന്നേറ്റം. കേന്ദ്രപദ്ധതികള്‍ പേരു മാറ്റി അവതരിപ്പിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി മാത്രം പരിമിതപ്പെടുത്തുകയും ചെയ്ത നമ്പര്‍ വണ്‍ വികസനം പ്രചാരണത്തില്‍ അമ്മു തുറന്നുകാട്ടുന്നു.
ക്രിയാത്മകതയും സേവനതത്പരതയുമുള്ള പുതുതലമുറ നേതൃനിരയിലേക്ക് വരണമെന്ന പക്ഷക്കാരിയാണ് അമ്മു. ഇതിലൂടെ നൂതന വികസനരീതികളും മാതൃകകളും നടപ്പാക്കാന്‍ സാധിക്കും. ജനങ്ങളുടെ വിശ്വാസം നേടിയെടുത്തവരും നേടിയെടുക്കാന്‍ കഴിവുള്ളവരുമാണ് നേതൃനിരയിലേക്ക് കടന്നുവരേണ്ടത്. സ്വജനപക്ഷപാതവും രാഷ്ട്രീയ താത്പര്യങ്ങളും കൊണ്ടെത്തിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായ ബോധത്തിലൂന്നിയാകണം ഇത്തവണ വോട്ട് ചെയ്യേണ്ടതെന്ന് അമ്മു സവിനയം അഭ്യര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: