തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് തനിക്കെതിരെ അന്വേഷണം നടത്തുകയും തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന പച്ചക്കള്ളം. ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിട്ടില്ലെന്നും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വെളിവായി. ചെന്നിത്തല ഒരു കോടി കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ നിന്ന് തലയൂരാനാണ് ചെന്നിത്തല കള്ളം പറഞ്ഞതെന്നാണ് സൂചന.
കോഴ വാങ്ങിയ കാര്യം വെളിപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഉപദ്രവിക്കരുതെന്ന് ചെന്നിത്തലയും ഭാര്യയും വിളിച്ചഭ്യര്ഥിച്ചിരുന്നുവെന്നും തുടര്‍ന്നാണ് താന്‍ 164-ാം വകുപ്പു പ്രകാരം നല്കിയ മൊഴിയില്‍ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നതെന്നും ബാര്‍ ഉടമ ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്നു നല്കിയ മൊഴിയില്‍ പേരില്ലാതിരുന്നതിനാല്‍ ചെന്നിത്തലക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നില്ലെന്നതാണ് വസ്തുത. അതിനാല്‍ വിജിലന്‍സ് തെളിവില്ലെന്ന് കണ്ടെത്തിയെന്ന വാദത്തിലും കഴമ്പില്ല. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ചെന്നിത്തലയ്ക്ക് എതിരെ ബിജു മുന്‍പ് മൊഴി നല്‍കിയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇന്നലെ പുറത്ത് വന്നത്. ബിജുരമേശ് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയില്‍ എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിന് പത്ത് കോടിരൂപ പിരിച്ച് നല്‍കിയെന്ന് മാത്രമാണ് പറയുന്നത്.
മുന്‍ മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും കോഴ നല്‍കിയെന്ന് കഴിഞ്ഞ ദിവസമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. പിണറായി വിജയനാണ് ബാര്‍ക്കോഴക്കേസ് മുക്കിയതെന്നും കെ. എം മാണിയുമായി പിണറായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് അന്വേഷണം അട്ടിമറിച്ചതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
ഇതു വലിയ വിവാദമാകുകയും ഇരുമുന്നണികള്‍ക്കും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കും വലിയ തിരിച്ചടി ആകുകയും ചെയ്തിരുന്നു. വിവാദത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിനിടെയാണ് ആ കേസ് അന്വേഷിച്ച് തള്ളിയതാണെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്. ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് കോഴപ്പണം നല്‍കിയത്. ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് പണം നല്‍കിയെന്നാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: