ബത്തേരി: കുരങ്ങുശല്യത്താല്‍ പൊറുതിമുട്ടി വനാതിര്‍ത്തികളിലെ നേന്ത്രവാഴ കര്‍ഷകര്‍. മൂപ്പെത്തിയതും അല്ലാത്തതുമായി കുലകള്‍ വാനരക്കൂട്ടം തിന്നുനശിപ്പിക്കുന്നതാണ് കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്.
വില ഇടിവിനുപുറമെ വാനര ശല്യവും രൂക്ഷമായതാണ് ഇപ്പോള്‍ നേന്ത്രവാഴ കര്‍ഷകരെ വന്പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്തും, ലോണെടുത്തും കടംവാങ്ങിയുമാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. എന്നാല്‍ വാഴ മുളച്ചതുമുതല്‍ നേരുടുന്ന വന്യമൃഗ ശല്യം ചെറുക്കാന്‍ കഴിയാതെ കര്‍ഷകര്‍ നിസ്സഹായകരാവുകയാണ്.
രോഗങ്ങളെയും ആനയടക്കമുള്ള വന്യമൃഗശല്യത്തില്‍ നിന്നും പ്രതിരോധിച്ചും പരിപാലിച്ചും തൈകള്‍ വലുതായി കുലകള്‍ ചാടിയാല്‍ പിന്നെ വാനരകൂട്ടത്തിന്റെ ശല്യമാകും. കാട്ടാനയെയും പന്നിയേയും ഫെന്‍സിംഗ് സ്ഥാപിച്ച് പ്രതിരോധിക്കാമെങ്കിലും വാനരന്മാരെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാപക നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഇവ വരുത്തിവെക്കുന്നത്.
പകല്‍ മുഴുവന്‍ കാവലിരുന്നാലും കണ്ണുവെട്ടിച്ചെത്തുന്ന വാനരപ്പട വാഴക്കുലകള്‍ തിന്നും ഉരിഞ്ഞുകളഞ്ഞും നശിപ്പിക്കുകയാണ്. വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ ഭൂരിപക്ഷവും ലീസ് ഭൂമി ആയതിനാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല. അതുകൊണ്ട് തന്നെ വന്‍ സാമ്പത്തിക ബാധ്യതയാണ് കര്‍ഷക്ക് ഇതുകാരണം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: