തൃശൂര്‍: തെരഞ്ഞെടുപ്പ് ഫീല്‍ഡില്‍ ഒരു കൈ നോക്കും മുന്‍പ് തന്നെ ധന്യാ രാമചന്ദ്രന് പോരാളിയാണ്. അന്തര്‍ദേശീയ മാസ്റ്റേഴ്സ് കായിക മേളയില്‍ മെഡല്‍ വാരിക്കൂട്ടിയ പ്രതിഭ. ഇക്കുറി തൃശൂര്‍ ജില്ലാ പഞ്ചായത്തിലെ അവണൂര്‍ ഡിവിഷനില്‍ എന്‍ഡിഎക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത് ധന്യയാണ്.
ധന്യ മത്സരരംഗത്തിറങ്ങിയതോടെ എതിരാളികളുടെ നെഞ്ചിടിപ്പിന് വേഗമേറി. മത്സരങ്ങളിലൊന്നും ഉന്നം പിഴക്കാത്ത താരമാണ് ധന്യ. തെരഞ്ഞെടുപ്പ് മത്സരത്തിലും പിഴക്കാത്ത ചുവടുകളുമായി പ്രചാരണത്തില്‍ മുന്നില്‍ത്തന്നെയാണ്. ആ വേഗതയാണ് എതിരാളികളെ പേടിപ്പിക്കുന്നതും.
ജാവലിന്‍, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയാണ് ധന്യയുടെ മത്സര ഇനങ്ങള്‍. കഴിഞ്ഞ വര്‍ഷം നടന്ന സിംഗപ്പൂര്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മൂന്നിനത്തിലും സ്വര്‍ണം നേടി. രണ്ട് വര്‍ഷം മുന്‍പ് ബ്രൂണെയില്‍ നടന്ന മീറ്റില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും.
വിലയേറിയ സ്പൈക്കുകളും ഉപകരണങ്ങളുമായി വിദേശ കായികതാരങ്ങള്‍ എത്തുമ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് മുടക്കി വാങ്ങിയ കാന്‍വാസ് ഷൂവുമായാണ് ധന്യ മത്സരത്തിന് പോയത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ധന്യയെ മുന്നോട്ട് നയിക്കുന്നത്. കായികതാരമായതും അതിന് തന്നെ. ഇപ്പോള്‍ ബിജെപി സ്ഥാനാ
ര്ത്ഥിയായതും അതേ ദേശസ്നേഹത്താല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് ധന്യ. രാജ്യ പുരോഗതിക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന പ്രധാനമന്ത്രിയോടൊപ്പം നില്‍ക്കേണ്ടത് ഓരോ ദേശസ്നേഹിയുടേയും കടമയാണെന്ന അഭിപ്രായമാണ് ധന്യക്ക്.
കഴിഞ്ഞ മാസമാണ് ധന്യ ബിജെപി അംഗത്വമെടുത്തത്. സുരേഷ്ഗോപി എംപിയോടാണ് ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം ആദ്യം പറഞ്ഞത്. വലിയ പ്രോത്സാഹനമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് നിര്‍ദ്ദേശിച്ചപ്പോഴും സുരേഷ് ഗോപിയെ വിളിച്ചിരുന്നു. ധൈര്യമായി മുന്നോട്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
ഇനി അങ്കം ജയിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ബിജെപിക്ക് നല്ല വേരോട്ടമുള്ള മണ്ണാണ് അവണൂരിലേത്. പൊരുതിക്കയറുക എന്ന ലക്ഷ്യത്തോടെ പോരാട്ടത്തിനിറങ്ങിക്കഴിഞ്ഞു. ജനസേവനത്തോടൊപ്പം കായിക പരിശീലനവും തുടരും. മെയ് മാസത്തില്‍ ജപ്പാനില്‍ നടക്കുന്ന മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാനുള്ള പരിശീലനവും നടത്തുന്നുണ്ട്. ഭര്‍ത്താവ് രാമചന്ദ്രനും മക്കളായ മേധയും ധ്രുവയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: