കേരളത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ് സര്‍പക്കാവും നാഗാരാധനയും. അവയില്‍ പ്രസിദ്ധമാണ് പരശുരാമന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മണ്ണാറശ്ശാല നാഗരാജക്ഷേത്രം. തുലാമാസത്തിലെ ആയില്യം നാള്‍ മണ്ണാറശ്ശാലയ്‌ക്ക് മഹോത്സവമാണ്. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമാണ് 30 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന നാഗത്താന്മാരുടെ ഈ സങ്കേതം. മണ്ണാറശ്ശാലയുടെ മഹോത്സവമാണ് തുലാമാസത്തിലെ ആയില്യം നാള്‍.
മണ്ണാറശ്ശാല ഇല്ലത്ത് സന്താനഭാഗ്യമില്ലാതെ ദുഃഖിതരായി കഴിഞ്ഞ വസുദേവന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി നാഗരാജാവ് പിറന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ നാഗരാജാവ് ഇപ്പോഴും വാഴുന്നുവെന്നാണ് സങ്കല്‍പം. നിലവറയില്‍ വാഴുന്ന മകനെ ആണ്ടിലൊരിക്കല്‍ അമ്മക്ക് നേരില്‍ കാണാന്‍ അവസരം നല്‍കിയതിന്റെ ഓര്‍മയ്‌ക്കായാണ് ആയില്യം നാഓള്‍ ഗാംഭീര്യപൂര്‍വം ആഘോഷിക്കുന്നത്.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശൈവനാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ്. വലിയമ്മ എന്നറിയപ്പെടുന്ന മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ് ക്ഷേത്രത്തിലെ പ്രധാനപൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവിടെ സന്താനലബ്ധിക്കായി നടത്തുന്ന ഉരുളി കമിഴ്‌ത്തല്‍ പ്രസിദ്ധമാണ്.
നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവും കൈയിലേന്തി മണ്ണാറശ്ശാല വലിയമ്മ നടത്താറുള്ള എഴുന്നള്ളത്താണ് ആയില്യത്തിന്റെ സുപ്രധാന ചടങ്ങ്. ഇത്തവണ വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും അമ്മ മാത്രം നടത്തിവരാറുള്ളപൂജകളും ഉണ്ടാകില്ല. മഹാമാരി കണക്കിലെടുത്ത് മറ്റു ചടങ്ങുകളും പരിമിതപ്പെടുത്തിയിരിക്കുകയാണ്.
















