കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായി ഡിസംബര്‍ 14 ന് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കങ്ങള്‍ വേഗത്തിലാക്കി മുന്നണികള്‍. പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും തദ്ദേശതെരഞ്ഞെടുപ്പില്‍ ചര്ച്ചയാവുകയെങ്കിലും സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കേസും വര്‍ഗ്ഗീയ പ്രീണനവും തെരഞ്ഞെടുപ്പില്‍ ചൂടേറിയ വിവാദങ്ങളായി ഉയരും.
ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 ല്‍ 48 പഞ്ചായത്തുകള്‍ നേടിയ ഇടതുമുന്നണി തല്‍സ്ഥിതി നിലനിര്‍ത്താനാവില്ലെന്ന് ഉറപ്പായതോടെ അങ്കലാപ്പിലാണ്. കേരള കോണ്‍ഗ്രസും ലോക് താന്ത്രിക് ജനതാദളും പിരിഞ്ഞുപോയ യുഡിഎഫ് ആകട്ടെ അനൈക്യത്തിലുമാണ്.
എല്‍ഡിഎഫിന് ശക്തമായ അടിത്തറയുള്ള ജില്ലയാണെന്ന അവകാശവാദത്തിന് തിരിച്ചടിയായാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ജില്ലാ പഞ്ചായത്തും ഏക കോര്‍പറേഷനും എല്‍ഡിഎഫ് ഭരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏഴ് മുനിസിപ്പാലിറ്റികളില്‍ ആറിലും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ലും ഇടതുമുന്നണിയാണെങ്കിലും ഭരണ വൈകല്യം മുതല്‍ സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് വിഷയങ്ങള്‍ ഉള്‍പ്പെടെ ഏറെ തിരിച്ചടികളാണ് ഇടതു മുന്നണിയെ കാത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു സിഎം എന്നറിയപ്പെടുന്ന സി.എം. രവീന്ദ്രന് മുതല്‍ കാരാട്ട് ഫൈസല്‍ വരെയുള്ളവരുടെ സ്വര്‍ണ്ണക്കടത്ത് കേസിലെ ബന്ധം സിപിഎമ്മി നെയും ഇടതുമുന്നണിയേയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ അസന്തുഷ്ടരാണ്. ജില്ലാ പഞ്ചായത്ത്, കോര്പ്പറേഷന് ഡിവിഷനുകളില്‍ സിപിഐക്ക് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ മുഴുവന്‍ നല്‍കാനാവില്ലെന്ന സിപിഎം നിലപാട് മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചയെയും വഴിമുട്ടിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്ന ഇടത് മുന്നണി, പതിവ് തെറ്റിച്ച് ഇത്തവണ ഏറെ പിന്നിലാണ്.
യുഡിഎഫിന്റെ നില ഇതിലേറെ പരുങ്ങലിലാണ്. യുഡിഎഫില്‍ നിന്ന് രണ്ട് ഘടകകക്ഷികള്‍ വിട്ടുപോയത് മാത്രമല്ല കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും മുന്നണിക്ക് മുമ്പില്‍ കീറാമുട്ടിയാണ്.
എല്‍ജെഡി, കേരള കോണ്‍ഗ്രസ് എം കക്ഷികള്‍ യുഡിഎഫ് വിട്ടത് നിരവധി പഞ്ചായത്തുകളില്‍ മുന്നണിയുടെ നിലവിലുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്തും. കുടിയേറ്റ മേഖലകളില്‍ നിലവിലുള്ള പല പഞ്ചായത്തുകളും യുഡിഎഫിന് നഷ്ടമാവും. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി ഇടത് മുന്നണിയില്‍ നിന്ന് വലത് മുന്നണിയിലേക്ക് മാറിയത് യുഡിഎഫിന് കനത്ത തിരിച്ചടിയാവുകയാണ്. മുസ്ലീം ലീഗിന്റെ വോട്ട് ബാങ്കായ സുന്നി വിഭാഗം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.
ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്പ്പറേഷന്, മുന്‍സിപ്പല്‍, പഞ്ചായത്തുകളിലായി 27 സീറ്റുകളിലാണ് വിജയിച്ചത്. പിന്നീട് നടന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ മുന്നേറ്റം, പ്രാദേശിക ജനകീയവിഷയങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പ്രക്ഷോഭങ്ങള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളുടെ പിന്തുണ എന്നിവ ബിജെപിയുടെ മുന്നേറ്റത്തിന് അനുകൂല ഘടകങ്ങളാണ്. എന്‍ഡിഎ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി സ്ഥാനാര്‍ത്ഥി പട്ടിക അന്തിമഘട്ടത്തിലാണ്. നിരവധി അനുകൂല ഘടകങ്ങളോടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക എന്‍ഡിഎ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: