കൊല്ലം: കേരളത്തില്‍ തുലാവര്‍ഷം താളംതെറ്റിയതോടെ മഴ ചതിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. തുലാവര്‍ഷം വൈകുന്നത് ശീതവിള കര്‍ഷകരെയും രണ്ടാംവിള നെല്‍കര്‍ഷകരെയും പ്രതികൂലമായി ബാധിക്കും.
ശീതകാല പച്ചക്കറികള്‍ക്കുള്ള തൈകള്‍ നട്ടുതുടങ്ങുന്നതും ഡിസംബര്‍-ജനുവരി മാസങ്ങളിലെ അതിശൈത്യത്തില്‍ വിളവെടുക്കേണ്ട കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയുടെ തൈകള്‍ നടുന്നതും ഈ സമയത്താണ്. ശൈത്യവിളകള് കേരളത്തില്‍ കൂടുതലായി കാന്തല്ലൂരിലാണ് കൃഷി ചെയ്യുന്നത്. കാലവര്‍ഷവും പിന്നീട് ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ മഴയും കേരളത്തിലെ മഴയുടെ അളവില്‍ കുറവ് വരാതെ കാത്തെങ്കിലും മഴമാറി വെയില് വന്നതോടെ ചൂടിന്റെ തീവ്രതയേറിയതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
കേരളത്തിലെ ഭൂരിഭാഗം ഡാമുകളിലും ജലനിരപ്പ് താഴ്ന്നു. ഇത്തവണ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് താരതമ്യേന കൂടുതല്‍ മഴ ലഭിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ ഇക്കുറി മഴ കുറവായിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭ്യമായി. ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ തുലാമഴ സജീവമാകേണ്ടതാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവെങ്കിലും തുലാവര്‍ഷത്തെ സ്വാധീനിക്കുംവിധം ഉണ്ടായിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. എന്നാല്‍ നവംബര്‍ രണ്ടാം വാരത്തോടെ തുലാവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. രണ്ടാംവിള നെല്‍കൃഷിയുടെ തുടക്കം തുലാമാസത്തിലാണ്. കന്നിമാസത്തെ കത്തുന്ന ചൂടില്‍ കാഞ്ഞ് നില്ക്കുന്ന ഞാറുകള്‍ തുലാമഴയിലാണ് ഞെടുപ്പുപൊട്ടി തഴയ്ക്കുന്നത്. ഡാമുകളില്‍ വെള്ളം കുറവായതും കര്‍ഷകരില്‍ ആശങ്കയുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: