കുടിപ്പക മൂത്ത കൊള്ള സംഘങ്ങള്‍ തങ്ങളുടെ തിന്മകള് പരസ്പരം വിളിച്ചുപറയുന്നതുപോലെയാണ് ആഭ്യന്തര കലഹങ്ങളുടെ നീര്ച്ചുഴിയില്പ്പെട്ടിരിക്കുന്ന പാക്കിസ്ഥാനില്‍നിന്ന് അപ്രിയ സത്യങ്ങള്‍ ഓരോന്നായി പുറത്തുവരുന്നത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ആ രാജ്യത്തെ ബാലകോട്ടില്‍ ഭാരത സൈന്യം നടത്തിയ കടന്നാക്രമണത്തെത്തുടര്‍ന്ന് തിരിച്ചടിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന് പിടിയിലാവുകയുണ്ടായി. എന്നാല്‍ ഭാരതം ആക്രമിക്കുമെന്ന് ഭയന്ന് അഭിനന്ദനെ വിട്ടയയ്ക്കുകയായിരുന്നു എന്നാണ് പാക് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷത്തെ അയാസ് സാദിഖ് വെളിപ്പെടുത്തിയത്. ഭാരതം ആക്രമിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇക്കാര്യ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് വിവശനായെന്നും, വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ മുട്ടുവിറച്ചുവെന്നും നവാസ് ഷെരീഫ് നേതൃത്വം നല്കുന്ന മുസ്ലിംലീഗിന്റെ നേതാവായ അയാസ് പറഞ്ഞത് ഇമ്രാന് ഖാന് സര്‍ക്കാരിനെ നാണം കെടുത്തുകയുണ്ടായി. പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനോട് ദൈവത്തെയോര്‍ത്ത് അഭിനന്ദനെ വിട്ടയയ്ക്കാന് പേടിച്ചരണ്ട ഖുറേഷി അഭ്യര്‍ത്ഥിക്കുകയായിരുന്നുവത്രേ. കാര്‍ഗില്‍ യുദ്ധകാലത്തും ഭയന്നുവിറച്ച പാക്കിസ്ഥാന്, ഭാരത സൈന്യത്തെ പിന്‍വലിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയോട് യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ് വഴി കെഞ്ചിയിരുന്നു.
ബാലകോട്ട് ആക്രമണവും, പിടിയിലായ വര്‍ത്തമാനെ ഭാരതത്തിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് വിട്ടയച്ചതും രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുത്തുറ്റ നടപടിയായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും മറ്റു ചില പാര്‍ട്ടികളും ഇത് അംഗീകരിക്കാനുള്ള ദേശസ്നേഹം കാണിച്ചില്ല. അഭിനന്ദനെ പാക്കിസ്ഥാന് വിട്ടയച്ചത് ഇമ്രാന് സര്‍ക്കാരിന്റെ സമാധാനത്തോടുള്ള പ്രതിബദ്ധതയാണെന്നായിരുന്നു പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഇങ്ങനെയൊരു പ്രഖ്യാപനം ഇമ്രാന്‍ഖാനും അന്ന് നടത്തിയിരുന്നു. പ്രശ്നത്തില്‍ എന്തു നിലപാടെടുക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഭയംകൊണ്ട് പങ്കെടുക്കുക പോ
ലും ചെയ്യാതിരുന്നയാളാണ് ഈ അവകാശവാദം മുഴക്കിയത്. സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നതിനെക്കാള്‍ ശത്രുരാജ്യത്തിന്റെ ഭരണാധികാരിയുടെ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങിയ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യസ്നേഹം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ജനങ്ങളോട് മാപ്പു പറയട്ടെ. പൊള്ളയായ അവകാശവാദങ്ങള്‍ക്കപ്പുറം പാക്കിസ്ഥാന് എന്ന രാജ്യത്തിന്റെ ദൗര്‍ബല്യവും കാപട്യവുമാണ് പുതിയ സംഭവ വികാസങ്ങളിലൂടെ പുറത്തായിരിക്കുന്നത്.
പാക്കിസ്ഥാനിലെ പ്രതിപക്ഷ നേതാവു കൂടിയായ അയാസ് സാദിഖിന്റെ വെളിപ്പെടുത്തല്‍ ഇമ്രാന് സര്‍ക്കാരിനെ വെട്ടിലാക്കി. ജമ്മുകശ്മിരിലെ പുല്‍വാമയില്‍ ലഷ്കര്‍ ഭീകരരെ ഉപയോഗിച്ച് ഭാരത സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഇതിന് മറുപടിയായി ഒരു പാക് മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഇത് ഇമ്രാന് സര്‍ക്കാരിന്റെ നേട്ടമാണെന്നും ഈ മന്ത്രി പറയുകയുണ്ടായി. ഇവിടെ അഴിഞ്ഞുവീഴുന്നത് ഭീകരപ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക് ഭരണാധികാരികളുടെ അവകാശവാദമാണ്. സ്വന്തം മണ്ണില്‍ ഭീകരവാദം അനുവദിക്കരുതെന്ന് അമേരിക്കയുള്‍പ്പെടെ പല രാജ്യങ്ങളും നിരന്തരം ആവശ്യപ്പെടുമ്പോള്‍ ഭീകരവാദത്തെ സഹായിക്കുന്നില്ലെന്നും, തങ്ങളും അതിനിരയാണെന്നും, ഭീകരവാദികളെ അടിച്ചമര്‍ത്തുന്നുവെന്നുമാണ് പാക്കിസ്ഥാന് പറയാറുള്ളത്. ഈ അവകാശവാദം വെറും പൊള്ളയാണെന്നും, ലോകത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഭാരതം ആരോപിച്ചപ്പോഴൊക്കെ ആ രാജ്യം അത് നിഷേധിച്ചു. ഇതിനെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും, മോദിയും ഇമ്രാനും ആസൂത്രണം ചെയ്തതാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദി വിരോധികളുടെ യഥാര്‍ത്ഥ മുഖമാണ് ഇവിടെ തിരിച്ചറിയപ്പെട്ടിരിക്കുന്നത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍പ്പോലും രാഷ്ട്രീയം കലര്‍ത്തുന്ന ഈ സമീപനം കയ്യൊഴിയാന്‍ പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: