ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയും (എന്‍സിബി) കൂടുതല്‍വിവരങ്ങള്‍ തേടിത്തുടങ്ങി. ഇന്നലെ എന്‍സിബി ഉദ്യോഗസഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ബിനീഷിനെ അവര്‍ ചോദ്യം ചെയ്ത് വരികയാണ്.
ഇഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി ദീര്‍ഘിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ബിനീഷ് ഇഡി ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാതെ വഴുതി മാറുകയാണ്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കസ്റ്റഡിയില്‍ ലഭിച്ച ബിനീഷിനെ അന്ന് രാത്രി ഒന്പതുവരെയും വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ് ചോദ്യം ചെയ്തത്. ഇതുവരെ 28 മണിക്കൂര്‍ ബിനീഷിനെ ചോദ്യം ചെയ്തിട്ടുണ്ട്.
ബിനീഷ് കോടിയേരി രാജ്യത്തും വിദേശത്തുമായി കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ സ്രോതസ്സുകള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്കാന് തയാറാകുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്നു കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തില്‍ മുന്‍കൂട്ടി തയാറാക്കിയ ചോദ്യങ്ങളുടെ ഉത്തരമാണ് ഇഡി തേടുന്നത്. അനൂപ് മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ട് രേഖകളും ബിനീഷിനെ ബിനാമി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഡിയുടെ പക്കലുണ്ട്. ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം ബിനീഷിന്റെ നിസ്സഹകരണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഴുവന്‍ ചോദ്യങ്ങള്‍ക്കും വിശ്വസനീയമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ കസ്റ്റഡി കാലാവധി ദീര്‍ഘിപ്പിക്കാന്‍ കോടതിയെ സമീപിക്കും. അനൂപ് മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങി ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവും ഇഡി ആരംഭിച്ചു. ഇതിനായി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. നിരവധി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ബിനീഷ് നിര്‍ദേശിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ട്. ഈ പണം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ്, സിനിമ, ഹോട്ടല്‍, തോട്ടം, വിദേശ കറന്‍സി ഇടപാടുകളില്‍ വിനിയോഗിച്ചതായാണ് കണ്ടെത്തല്‍.
കേരളത്തിലെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ബിനീഷിന് വന്‍തുക നിക്ഷേപമുള്ളതായും സൂചനയുണ്ട്. ബിനീഷില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുക. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മൊബൈല്‍ ഫോണ്‍ കൂടാതെ വേറെയും ഫോണുകള്‍ ബിനീഷിനുണ്ട്. ഈ ഫോണുകളും പരിശോധിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിനീഷില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ മലയാളികളായ മറ്റു ചിലരിലേക്ക് ഇഡി അന്വേഷണം എത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ നല്കുന്നു. രാജ്യത്തും വിദേശത്തും വ്യവസായ സ്ഥാപനങ്ങളുള്ള ചിലരും ഇതില്‍ ഉള്‍പ്പെടുന്നു.
അതിനിടെ, അനൂപ് മുഹമ്മദ് ബെംഗളൂരു കല്യാണ്‍ നഗറില്‍ നടത്തിയിരുന്ന റോയല്‍ സ്യൂട്ട്സ് ആന്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെത്തിയ കേരള രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് ബിനീഷ് കോടിയേരിയുടെ സുഹൃത്തായ ക്രിക്കറ്റ് താരത്തിന്റേതാണെന്നു വ്യക്തമായി. റെയില്‍വേ താരമായ ജാഫര്‍ ജമാലിന്റേതാണ് തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള ബൈക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: