കുന്നത്തൂര്‍: കൈയേറ്റക്കാരുടെ സൗകര്യത്തിനായി പല പ്രാവശ്യം വലിച്ചിഴച്ച ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ് നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുപോയിട്ട് റോഡരികിലെ വൈദ്യുതിപോസ്റ്റ് പോലും നീക്കം ചെയ്യാതെ റോഡ് ടാര്‍ ചെയ്തു. പോസ്റ്റ് സ്ഥാപിച്ച ഭാഗം ഒഴിച്ചിട്ടായിരുന്നു ടാറിംഗ്. ഇനി പോസ്റ്റ് മാറ്റി സ്ഥാപിക്കുമ്പോള്‍ അവിടം പാച്ച് വര്‍ക്ക് ചെയ്യേണ്ടിവരും. ടാര്‍ ചെയ്ത് നിരപ്പായ റോഡില്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറി. അപകട മുന്നറിയിപ്പ് അടയാളങ്ങളില്ലാത്തതിനാല്‍ രാത്രിയില്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പോസ്റ്റ് പെടില്ല.
സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി റോഡിന്റെ വീതി രണ്ടുമീറ്ററോളം കുറച്ച് തോന്നിയതു പോെലയാണ് പലയിടത്തും നിര്‍മാണം നടന്നത്. താലൂക്ക് അതിര്‍ത്തിയായ കല്ലുകടവ് മുതല്‍ ശാസ്താംകോട്ട വരെയുള്ള 6 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 5 കിലോമീറ്ററും മൈനാഗപ്പള്ളി പഞ്ചായത്തിലൂടെയാണ്. 2018 സെപ്തംബറില്‍ കിഫ്ബി ഏറ്റെടുത്ത 52 കിലോമീറ്റര്‍ റോഡു പദ്ധതിയില്‍ അവസാനത്തേതാണ് ഇത്. 62 കോടി രൂപയുടേതാണ് പണി. അതായത് ഒരു കിലോമീറ്ററിന് ഒരുകോടിയിലേറെ ചെലവുവരും.
ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പണി നിസാരതടസങ്ങള് മൂലം അനിശ്ചിതമായി നീണ്ടു. കലുങ്കുകള്‍ക്കും ഓടയ്ക്കും വേണ്ടി പ്രധാനപാത അടച്ചിട്ട് ഏറെനാള്‍ യാത്രക്കാരെ വലച്ചിരുന്നു. പിന്നീട് കോവിഡ് മൂലം പണി നിലച്ചു. റോഡ് ഏറെനാളായി ഗതാഗതയോഗ്യമല്ല. പ്രാദേശിക സമ്മര്‍ദ്ദഗ്രൂപ്പുകളുടെ സൗകര്യത്തിന് വഴങ്ങിയാണ് സൗകര്യപൂര്‍വം വീതി കൂട്ടിയും കുറച്ചും റോഡ് നിര്‍മിച്ചതെന്നും പരാതികളുണ്ട്. പ്രധാന ജംഗ്ഷനായ മൈനാഗപ്പള്ളി പുത്തന്‍ചന്തയില്‍ വീതികുറച്ചാണ് ടാറിംഗ്. ഇവിടെ അടക്കം പലയിടത്തും റോഡ് കൈയേറിയത് അല്പം പോലും തിരിച്ചുപിടിക്കാന്‍ നീക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: