മക്കളേ,
മനുഷ്യജീവിതത്തിലെ ഓരോ ചുവടുവെയ്പുംnഈശ്വരസ്മരണയോടെയും ഈശ്വരപൂജയോടെയും ആരംഭിക്കുന്ന ശ്രേഷ്ഠമായ പാരമ്പര്യമാണ് നമുക്കുള്ളത്. നമ്മുടെ എല്ലാ കഴിവുകള്‍ക്കും ഗുണങ്ങള്‍ക്കും വിജയത്തിനും കാരണം ഈശ്വരാനുഗ്രഹം ഒന്നുമാത്രമാണെന്ന വിശ്വാസമാണ് ഈ ആചാരത്തിനു പിന്നിലുള്ളത്. അതുകൊണ്ടുതന്നെ, നമ്മുടെ പൂര്‍വികര്‍ എതൊരാഘോഷവും ഈശ്വരനുമായി ബന്ധിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നവരാത്രി കാലത്ത് വിദ്യാസ്വരൂപിണിയായ ദേവിയെ വന്ദിച്ചുകൊണ്ട് നമ്മള് കുട്ടികളെ എഴുത്തിനിരുത്തുകയും പല പ്രധാന കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യുന്നു.
ബ്രഹ്മം ഏകമാണ്. ഏകമായ ബ്രഹ്മത്തില്‍ നിന്നും എങ്ങനെ നാനാത്വമായ പ്രപഞ്ചം ഉണ്ടാകും? അതൊരു അത്ഭുതമാണ്. ആ അത്ഭുതത്തിന് കാരണമായ ബ്രഹ്മശക്തിയെയാണ് നമ്മള് ശക്തിയെന്നും ദേവിയെന്നും ഒക്കെ വിളിച്ച് ആരാധിക്കുന്നത്. ജഗത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്കെല്ലാം നാഥയാണ് ദേവി. സംസാരബന്ധനത്തിനു കാരണമായ അവിദ്യയും സംസാരമുക്തിയ്ക്കു കാരണമായ വിദ്യയും ദേവി തന്നെ. സര്‍വമംഗളയായ ദേവി എല്ലാ മംഗളങ്ങളും നല്കുന്നവളാണ്. ശരാണാര്ഥികളുടെ ദുഃഖങ്ങള്‍ എല്ലാം അമ്മ അകറ്റുന്നു.
ഒരു രാജാവ് വിവാഹിതനായി വളരെ കാലം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടായില്ല. രാജാവും രാജ്ഞിയും വളരെയേറെ ദുഃഖിച്ചു. ഒടുവില്‍ ഗുരുവിന്റെ ഉപദേശപ്രകാരം പുത്രനുണ്ടാകാന്‍ ഒരു യാഗം നടത്തി. അങ്ങനെ രാജ്ഞി ഗര്‍ഭിണിയായി, ലക്ഷണമൊത്ത ഒരു കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ കഷ്ടമെന്നുപറയട്ടെ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. ദുഃഖം സഹിക്കാതെ രാജാവ് ആത്മഹത്യചെയ്യാനൊരുങ്ങി. അപ്പോള്‍ രാജാവിന്റെ മുന്പി
ല്‍ ദേവി പ്രത്യക്ഷപ്പെട്ടു. കുഞ്ഞിന്റെ മൃതശരീരത്തെ ദേവി ഏറ്റുവാങ്ങി. അതോടെ കുഞ്ഞിന് പ്രാണന് തിരിച്ചുകിട്ടി. എന്നാല്‍ അടുത്ത നിമിഷം കുഞ്ഞിനെയും എടുത്ത് ദേവി യാത്രയായി. ”എന്റെ കുഞ്ഞിനെ തരണേ” എന്ന് രാജാവ് നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് രാജാവിന് തന്റെ തെറ്റ് മനസ്സിലായത്. കുഞ്ഞിനു പ്രാണന് തിരിച്ചുകൊടുത്തത് ദേവിയാണെങ്കില്‍ കുഞ്ഞ് ദേവിയുടേതല്ലേ? ”അമ്മേ ഈ കുഞ്ഞ് അവിടുത്തേതാണ്. അവിടുത്തെ ഇച്ഛ നടക്കട്ടെ.” എന്നു പറഞ്ഞ് രാജാവ് ദേവിയെ സ്തുതിച്ചു. അപ്പോള്‍ ദേവി സന്തോഷത്തോടെ ആ കുഞ്ഞിനെ തിരികെ നല്കി. ”ഈ കുഞ്ഞ് കീര്‍ത്തിമാനും ഗുണവാനും മഹാത്മാവുമായിത്തീരും” എന്ന് അരുളിച്ചെയ്ത് ദേവി മറയുകയും ചെയ്തു.
ഈ ലോകത്തിലെ എല്ലാം തന്നെ ഈശ്വരന്റേതാണ്. അവ നമ്മുടെതായിരുന്നെങ്കില് എപ്പോഴും നമ്മുടെ നിയന്ത്രണത്തില്‍ ഇരിക്കേണ്ടെ? എന്നാല്‍ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. എല്ലാം അവിടുത്തെ ഇച്ഛയനുസരിച്ച് നടക്കുന്നു. അതിനാല്‍ ഒന്നിനോടും മമതയില്ലാതെ ഈശ്വരന് എല്പിച്ച ഒരു ചുമതലയായി കരുതി നമ്മുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. അപ്പോള്‍ അവിടുത്തെ അനുഗ്രഹം തീര്‍ച്ചയായും ഉണ്ടാകും.
അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധവുമൊക്കെ ക്ഷയിച്ചു വരുന്ന ഈ കാലത്ത് മാതൃരൂപത്തിലുള്ള ഈശ്വര ആരാധനയ്ക്ക് പ്രത്യേകിച്ചും പ്രസക്തിയുണ്ട്. നമ്മുടെ നഷടപ്പെട്ടുപോയ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരുവാന്‍ അത് തീര്‍ച്ചയായും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: