തിരുവനന്തപുരം: യുഎഇയിലെ പ്രവാസി ഭാരതീയരുടെ സാമൂഹിക സാംസ്കാരിക സംഘടനയായ ‘ഏകത’യുടെ ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരം കര്‍ണ്ണാടക സംഗീതജ്ഞയായ പദ്മശ്രീ. പാറശ്ശാല ബി. പൊന്നമ്മാളിന് സമ്മാനിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഏകതയുടെ സംഘാടകര്‍ തിരുവനന്തപുരം വലിയശാല ഗ്രാമത്തിലെ വീട്ടിലെത്തിയാണ് പൊന്നമ്മാളിന് പുരസ്കാരം നല്‍കിയത്.
ഏകത പ്രസിഡന്റ് രാജീവ് കുമാര്‍ പ്രശസ്തി പത്രവും അന്‍പതിനായിരം രൂപയും പൊന്നമ്മാളിന് സമ്മാനിച്ചു. ഏകത വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് ശോഭാ രാജീവ്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി രവീന്ദ്രന് എന്നിവര്‍ പൊന്നാട അണിയിച്ചു. സംവിധായകന് രാജസേനന് പൊന്നമ്മാളിന് അവാര്‍ഡ് നല്കി. ടി.എസ് ശ്രീജിത്ത് സജി കമല്‍,ബിനു രാജ് എന്നിവര്‍ പങ്കെടുത്തു.
കല, സംഗീതം, സാഹിത്യം എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലും കലാകാരന്മാരെയും സംഗീതജ്ഞരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സംഘടനയാണ് ഏകത. എട്ടു വര്‍ഷങ്ങളിലായി ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം നടത്തി വരികയാണ്. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ 25 വരെ ഒമ്പതാമത് ‘ഏകത നവരാത്രിമണ്ഡപം സംഗീതോത്സവവും’ നടന്നു. വിജയദശമി ദിനത്തില്‍ വിദ്യാരംഭം ചടങ്ങുകളോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി ആകും.
ലോകപ്രശസ്തമായ തിരുവനന്തപുരം നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്റെ അതേ മാതൃകയിലും ചിട്ടയിലും രീതിയിലും ഭാരതത്തിനു പുറത്ത് ഒന്‍പത് ദിവസത്തെ സംഗീതോത്സവം സംഘടിപ്പിക്കുന്ന ഏക സംഘടന എന്ന പ്രത്യേകതയും ഏകതക്കുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സംഗീതോത്സവം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ആസ്വദിച്ചത്. 9 പ്രമുഖ കര്‍ണാടക സംഗീതജ്ഞര്‍ 9 നവരാത്രി ദിനങ്ങളിലായി, സ്വാതി തിരുനാള്‍ രചിക്കപ്പെട്ട 9 നവരാത്രി കൃതികള്‍ ആലപിച്ചു.
സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ്. പൊന്നമ്മാളുടെ കച്ചേരികള്‍. മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്ണന്കുട്ടിനായര്, ചാലക്കുടി നാരായണസ്വാമി, ലാല്‍ഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര്‍ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില് അരുള്‍ വരെയുള്ളവര്‍ കച്ചേരികള്‍ക്ക് പൊന്നമ്മാള്‍ പക്കമേളം വായിച്ചിട്ടുണ്ട്.
2017ല്‍ രാജ്യം പത്മശ്രീ നല്കി പൊന്നമ്മാളിനെ ആദരിച്ചിരുന്നു. 2009 ലെ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന് പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്കാരം തുടങ്ങി 50ലേറെ പ്രധാന അവാര്‍ഡുകള്‍ പൊന്നമ്മാളിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: