കൊട്ടാരക്കര: അഭ്രപാളികളിലും അരങ്ങിലും മലയാളത്തിന്റെ പൗരുഷമായിരുന്ന കൊട്ടാരക്കര ശ്രീധരന് നായര്‍ വിടപറഞ്ഞിട്ട് ഇന്ന് 34 വര്‍ഷം. 1986 ഒക്ടോബര്‍ 19നാണ് ചമയങ്ങളില്ലാത്ത ലോകത്തേക്ക് 64-ാമത്തെ വയസില്‍ അദ്ദേഹം യാത്രയാകുന്നത്. ഓര്‍മയായി മൂന്നരപതിറ്റാണ്ട് പിന്നിടുമ്പോഴും ശ്രീധരന് നായര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ജനഹൃദയങ്ങളില്‍ ഇന്നും മായാതെ നില്ക്കുന്നു.
ചെമ്മീനിലെ ചെമ്പന്‍കുഞ്ഞും അരനാഴികനേരത്തിലെ കുഞ്ഞോനച്ചനും വേലുത്തമ്പിയും കുഞ്ഞാലിമരക്കാരും പഴശ്ശിരാജയും എല്ലാം കൊട്ടാരക്കരയിലൂടെ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു. 1970 ല്‍ അരനാഴിക നേരത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും 1969 ല്‍ രണ്ടാമത്തെ നടനുള്ള പുരസ്കാരവും കൊട്ടാരക്കരയെ തേടിയെത്തി.
ചെമ്മീനിലെ അഭിനയത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും കരസ്ഥമാക്കി. ശ്രീധരന്‍നായര്‍ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നുവെന്നതിന് തെളിവാണ് കുട്ടിച്ചാത്തനിലെ മന്ത്രവാദിയെന്ന കഥാപാത്രം. ഭാവാഭിനയത്തിന്റെ പുത്തന്‍ ചക്രവാളങ്ങള്‍ തുറന്ന് ശക്തവും ചടുലവുമായ കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജന്മം നല്കിയ മഹാനടന് കലാകേരളം അര്‍ഹിക്കുന്ന പരിഗണന നല്കിയില്ലെന്നതും ദുഃഖസത്യമായി അവശേഷിക്കുകയാണ്.
ലൈബ്രറി കൗണ്‍സിലിന്റെ വകയായുള്ള ആസ്ഥാനമന്ദിരത്തിന് ശ്രീധരന്‍നായരുടെ പേര് നല്കി എന്നത് മാത്രമാണ് ആകെയുള്ള സ്മാരകം. 2012 ല്‍ രൂപം നല്കിയ ശ്രീധരന്‍നായര്‍ ഫൗണ്ടേഷന് ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ തയ്യാറെടുത്തെങ്കിലും ഒന്നും നടന്നില്ല.
നിരവധി ചലചിത്ര പ്രവര്‍ത്തകരാണ് കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. മകന് സായികുമാര്‍, മകള്‍ ശോഭാമോഹന്‍, ചെറുമക്കളായ വിനുമോഹന്‍, വിദ്യാ വിനു, അനുമോഹന്‍, ബീനയുടെ മകള്‍ കല്യാണി എന്നിവര്‍ ഈ രംഗത്ത് സജീവമായുണ്ട്.
92 വയസ് പിന്നിട്ട ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മി ഗണപതിക്ഷേത്രത്തിന് സമീപമുളള സായികൃപയില്‍ മകള്‍ ബീനയ്ക്കും മരുമകന് അഡ്വ. കൃഷ്ണകുമാറിനും ഒപ്പമാണ് താമസിക്കുന്നത്. ശ്രീധരന് നായര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് സോഷ്യല്‍മീഡിയയിലൂടെ അനുസ്മരണ ചടങ്ങു നടക്കും.
വൈകിട്ട് 7ന് പി. അയിഷാപോറ്റി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്, ജയറാം, നിര്‍മാതാവ് അനില്‍ അമ്പലക്കര, സിദ്ധാര്‍ഥ ശിവ, രാജേഷ് ശര്‍മ, സുജേഷ് ഹരി എന്നിവര്‍ പങ്കെടുക്കുമെന്ന് ചെയര്മാന് പ്രൊഫ. ഗംഗാധരന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: