കാലനിര്‍ണയം ചെയ്യാന്‍ സാധിക്കാത്ത കാലത്തുതന്നെ സത്യദര്‍ശികളായ ഋഷിമാരിലൂടെ ആവിര്‍ഭവിച്ച്, ഭാരതം ലോകത്തിന് നല്കിയ ഏറ്റവും മഹത്തായ സംഭാവനയായ വേദം ഇന്നും ദേശകാലാതിവര്ത്തിയായി നിലകൊള്ളുന്നു. ആ വൈദിക ആശയങ്ങളെ പ്രതിപാദിക്കുന്ന ഇതിഹാസപുരാണങ്ങളും മറ്റു ദര്‍ശനശാസ്ത്രങ്ങളും ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു.
സമസ്തജീവജാലങ്ങള്‍ക്കും സുഖമുണ്ടാകട്ടെ എന്നും, വൈവിധ്യങ്ങള്‍ പലതുണ്ടെങ്കിലും ധര്‍മ്മമാകുന്ന ചരടില്‍ അവ ബന്ധിപ്പിച്ച് ലോകശാന്തിക്കായി മുന്നോട്ടു പോകണമെന്നും, ലോകം ഒരു തറവാടായി കാണണമെന്നും ഭാരതീയ ഋഷിമാര്‍, ഭാരതീയ ശാസ്ത്രങ്ങള്‍ ലോകത്തോട് ഉദ്ഘോഷിച്ചു. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’, ‘വിശ്വം ഭവത്യേകനീഢം’, ‘വസുധൈവ കുടുംബകം’, ‘ആനോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ’ തുടങ്ങിയ വൈദികമന്ത്രങ്ങള്‍. ഇതു മാത്രമാണ് ലോകശാന്തിക്കുള്ള സിദ്ധൗഷധം എന്ന് ലോകം മനസ്സിലാക്കുന്നു. യോഗ, ആയുര്‍വേദം, സംസ്കൃതം എന്നിവയുടെ ലോകമാകമാനമുള്ള പ്രചരണം എത്ര വേഗത്തിലാണ്. ഭാരതത്തിലെ ആത്മീയാചാര്യന്മാര്ക്ക് ലോകമാകമാനം ലഭിക്കുന്ന സ്വീകാര്യത ഇതിനുതെളിവാണ്. ആധ്യാത്മികതയ്ക്ക് പ്രസക്തി ഏറിവരുമ്പോള് അതിനെ ചൂഷണം ചെയ്യാന്‍ കള്ളനാണയങ്ങളുമുണ്ടാകും. ഇതിനെ തിരിച്ചറിയാന്‍ നാം ശാസ്ത്രബോധമുള്ളവരാകണം.
യുക്തിയുക്തമായത് ഒരു കുട്ടി പറഞ്ഞാലും സ്വീകരിക്കണം. യുക്തിരഹിതമായത് സാക്ഷാത് ബ്രഹ്മാവ് വന്നുപറഞ്ഞാല്പ്പോലും തള്ളിക്കളയണം എന്ന വൈദിക ഋഷിയുടെ പ്രവചനം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ആധുനിക ലോകത്തിന് ഏറ്റവും അനുയോജ്യമായ ജീവിതരീതിയാണ് സനാതനധര്‍മ്മ ജീവിതരീതി. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് തന്നെ പ്രകൃതിസന്തുലിതാവസ്ഥയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ച ഋഷി വേദങ്ങളില്‍ തന്നെ പറയും ഇഷ്ടകര്മവും പൂര്ത്തകര്മവും ഒരുപോലെ പ്രധാനപ്പെട്ടതാണ് എന്ന്. അതായത് യാഗങ്ങള്‍ യജ്ഞങ്ങള്‍ തുടങ്ങി വീടുകളില്‍ നിത്യം ചെയ്യുന്ന അഗ്നിഹോത്രം വരെയുള്ളവയെ ഇഷ്ടകര്മങ്ങളെന്നും, പൊതുസ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുക, കിണറുകള്‍, കുളങ്ങള്‍ കുഴിക്കുക, അന്നക്ഷേത്രങ്ങള് നിര്‍മിക്കുക തുടങ്ങിയവ പൂര്ത്തകര്മങ്ങളെന്നും പറയുന്നു. യാഗയജ്ഞങ്ങള്‍ ചെയ്താല്‍ ലഭിക്കുന്ന അതേ പുണ്യമാണ് പൂര്ത്തകര്മങ്ങള് ചെയ്താലും ലഭിക്കുക എന്ന് വേദത്തില്‍ പറയുന്നു.
പഞ്ചഭൂതങ്ങളിലും ദൈവികത ദര്‍ശിച്ചവരാണ് സനാതന സംസ്കൃതി. അഗ്നിദേവനും, വായുദേവനും, വരുണദേവനും, വനദേവതയും, ആകാശദേവതയും ഹിന്ദുസംസ്കൃതിയുടെ ഭാഗമാണ്. സൂര്യന്റെയും ചന്ദ്രന്റെയും അനുഗ്രഹം കൊണ്ടാണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ സൂര്യചന്ദ്രന്മാരെ ദൈവീക പരിവേഷത്തോടെ പൂജിച്ചു. ജലത്തില്‍ ദേവതയെ ദര്‍ശിക്കുന്ന ഒരുവന് ജലത്തെ മലിനമാക്കാനോ ദുരുപയോഗം ചെയ്യാനോ മനസ്സുവരില്ല. അതുപോലെയാണ് വായുവിന്റെയും വനത്തിന്റെയും കാര്യത്തിലും. അയ്യായിരത്തിഒരുനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭഗവാന് ശ്രീകൃഷ്ണന് ഭഗവദ്ഗീതയിലൂടെ നമുക്ക് പറഞ്ഞു തന്നു, സഹയജ്ഞാ പ്രജാ എന്ന്. ഈ ലോകത്തിലെ പ്രജകള്‍ അതായത് ജീവജാലങ്ങള്‍ എല്ലാം സഹയജ്ഞന്മാരായിരിക്കണം എന്ന്.
പ്രകൃതിക്ക് നമ്മള് അഹിതം ചെയ്യുമ്പോള്‍ പ്രകൃതിയുടെ പ്രവര്‍ത്തനം നമുക്കും അഹിതമായി മാറുന്നു. ഇങ്ങനെ ധാര്‍മികമായി ജീവിച്ചു എല്ലാവരും സന്തോഷത്തോടെ കഴിയുന്ന ഒരു ഏകലോകം സൃഷ്ടിക്കലാണ് സനാതന ധര്‍മ്മത്തിന്റെ ലക്ഷ്യം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: