മുംബൈ : ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചോര്‍ത്തി നല്കിയ ഹിന്ദുസ്ഥാന്‍ എയ്റോട്ടിക്കല് ലിമിറ്റഡ് ജീവനക്കാരന് അറസ്റ്റില്‍. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എച്ച്എഎല്ലിന്റെ നാസിക യൂണിറ്റിലെ ദീപക് ശ്രീസത് എന്ന ജീവനക്കാരനാണ് അറസ്റ്റിലായിട്ടുള്ളത്. നാസികിലെ യൂണിറ്റിലെ ജീവനക്കാരന് പോര്‍വിമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒരു വിദേശിക്ക് കൈമാറുന്നതായി ഇന്റലിജന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാസികിലെ യൂണിറ്റില്‍ നിര്‍മിക്കുന്ന പോര് വിമാനങ്ങളുടെ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇയാള്‍ ഐഎസ്ഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ ഐഎസ്ഐയുമായി ഏറെ നാളായി ബന്ധമുണ്ടെന്ന് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. വിമാനങ്ങളുടെ വിവരങ്ങള്‍ക്ക് മുറമേ വ്യോമതാവളം, തന്ത്രപ്രധാന മേഖലകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ എച്ച് എഎല്‍ ജീവനക്കാരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിലെ 3,4,5 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത മെമ്മറി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: