കൊല്ലം: ശ്രീനാരായണഗുരുവിന്റെ പേരില്‍ മഹാസര്‍വ്വകലാശാല കൊല്ലത്തു സ്ഥാപിക്കുമ്പോള്‍ ‘ചെയ്യേണ്ടത് ചെയ്യുകയാണ്’ നമ്മളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഗുരുവിന്റെ ഒരു പ്രതിമ ആദ്യമായി കേരളത്തില്‍ സ്ഥാപിച്ചതു പോലും കഴിഞ്ഞ ആഴ്ചയാണ്. തൊട്ടു പിന്നാലെ തന്നെ ഗുരുവിന്റെ നാമധേയത്തിലുള്ള ഓപണ്‍ സര്‍വ്വകലാശാല തുറക്കുന്നതിന്റെ പ്രഖ്യാപനം നടത്താന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്.ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരു ചെയ്ത നല്ല കാര്യങ്ങള്‍ നാം മറന്നു കൂടാ. കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ ബോധമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്.
ഇരുളടഞ്ഞ ഒരു കാലത്തു നിന്നും നവോത്ഥാനത്തിന്റെ നേര്‍വഴിയിലേക്ക് കേരളത്തെ നയിച്ചത് ശ്രീനാരായണഗുരുവാണ്. ഏത്രമേല്‍ ജീര്‍ണ്ണമായിരുന്നു അന്ധകാരഗ്രസ്ഥമായ ആ കാലമെന്ന് വിവരിച്ച് ബോധ്യപ്പെടുത്താനാവില്ല. ജാതീയമായ അസ്പൃശ്യത, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, അക്ഷര നിഷേധം, സാമൂഹിക മാന്യതയില്ലായ്മ എന്നിവകൊണ്ട് മനുഷ്യത്വം നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ നരകിച്ചു കഴിഞ്ഞിരുന്ന ഒരു ജനസഞ്ചയത്തെ ഉന്നതമായ മാനവികതാ ബോധത്തിന്റെ വെളിച്ചത്തിലേക്ക്, സാമൂഹികമായ അന്തസ്സിലേക്ക്, സമഭാവനാ ചിന്തയിലേക്ക് ആനയിച്ച സൗമ്യനായ സന്യാസി വര്യനാണ് ഗുരു.
അദ്ദേഹം ഉണര്‍ത്തിവിട്ട ചലനങ്ങള്‍ ഏതെങ്കിലുമൊരു സമുദായത്തില്‍ മാത്രമായി പരിമിതപ്പെട്ടില്ല. കേരളക്കരയില്‍ പ്രബുദ്ധത എന്ന വാക്ക് ആദ്യമായി ഉച്ചരിച്ചത് ശ്രീനാരായണ ഗുരുവായിരിക്കും. വിദ്യകൊണ്ടു പ്രബുദ്ധത ആര്‍ജ്ജിക്കാന്‍ കഴിയുമെന്ന്, അഥവാ വിദ്യകൊണ്ടേ പ്രബുദ്ധത ആര്‍ജ്ജിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.
അങ്ങനെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടണമെങ്കില്‍ അതിനു ശക്തരാകണം. എങ്ങനെ ശക്തരാകണമെന്നാല്‍ സംഘടിച്ചു ശക്തരാകണം. സംഘടിച്ചു ശക്തരാകുക എന്ന മാറിവരുന്ന കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യത്തിലേക്ക് അന്ധവിശ്വാസത്തിലും അനാചാരത്തിലും ആണ്ടുകിടന്ന ഒരു സമൂഹത്തെ നയിച്ചു എന്നതാണ് ശ്രീനാരായണഗുരുവിന്റെ ചരിത്രപരമായ പ്രാധാന്യം.
ലോകം അംഗീകരിച്ച ശ്രീനാരായണഗുരുവിനെ കേരളത്തിന് ഉചിതമായ രീതിയല്‍ ആദരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നകാര്യം ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: