കല്‍പ്പറ്റ: വയനാടിന്റെ മദ്ധ്യഭാഗത്തുള്ള മടക്കിമല എന്ത്കൊണ്ടും മെഡിക്കല്‍ കോളേജിന് അനിയോജ്യമായ സ്ഥലമാണെന്ന് ബിജെപി മൈനോരിറ്റി മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ ഉണ്ണി ജോസഫ്. മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വരണമെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി, ബത്തേരി, വെത്തിരി താലൂക്കുകളിലെ പുറം അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും മടക്കി മലയിലേക്ക് തുല്യ ദൂരമാണ് ഉള്ളത്. ഒരു ക്വിന്റല്‍ മണ്ണു പോലും ഇവിടെ ഇടിഞ്ഞു വീണിട്ടില്ല. നാളിതുവരെ കൊടുങ്കാറ്റില്‍ ഒരു മരം പോലും കടപുഴകി വീണിട്ടുമില്ല, പുഴകളിലേക്കോ, മറ്റു ജനവാസ കേന്ദ്രങ്ങളിലെ ജല ശ്രോതസ്സുകളിലേക്കോ ആസ്പത്രി മാലിന്യങ്ങള്‍ ഒഴുകി എത്താനുള്ള സാധ്യയും ഇല്ല. മടക്കി മലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നില്ലായെങ്കില്‍ സര്‍ക്കാറിന് വിട്ടുകിട്ടിയ 50 ഏക്കര്‍ സ്ഥലം, സര്‍ക്കാറും സ്ഥലം ഉടമയും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ അനുസരിച്ച് ഉടമക്ക് തിരിച്ച് നിരുപാധികം വിട്ടുകൊടുക്കേണ്ടി വരും. ഈ വിചിത്രമായ കരാര്‍ വ്യവസ്ഥ തോട്ടം നിയമങ്ങളെ മറി കടന്നു കൊണ്ട് മരം മുറിക്കാനുള്ള ഒരു തന്ത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വയനാട് ജില്ലയിലെ തെക്കുകിഴക്കെ മൂലക്ക് ആണ് വിംസ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടി, കല്പറ്റ ബത്തേരി താലൂക്കുകളുടെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് വിംസില്‍ എത്താന്‍ 60:80 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരും. ഈ സ്ഥലത്തേക്ക് റോഡ് സൗകര്യം കുറവാണ്.വിംസ് മെഡിക്കല്‍ കോളേജ് കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഒരു കെട്ടിട സമുച്ചയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തിപ്പെടാനുള്ള ദുരിതവും, വാഹന പാര്‍ക്കിങ്ങ് സൗകര്യത്തിന്റെ അഭാവവും ചിന്തിക്കേണ്ട വിഷയമാണ്. മാത്രമല്ല പരിസ്ഥിതി ലോല പ്രദേശങ്ങളോട് അടുത്താണ് ഈ പ്രദേശം. അതിനാല്‍ തന്നെ കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നതും നിര്‍മ്മാണവും ഗവ. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എന്ന് ഉറപ്പില്ല.
നിലവിലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഫര്‍ണ്ണിച്ചറുകള്‍, മുതലായവയുടെ ഗുണനിലവാരവും മറ്റും ഇനിയും ദുരൂഹമായി തന്നെ നില്‍ക്കുകയാണ്. മെഡിക്കല്‍ കോളേജ് വരുമ്പോള്‍ നിലവിലുള്ള അറ്റന്‍ഡര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള സ്റ്റാഫുകളെ നിലനിറുത്തണം എന്നാണ് പറയുന്നത്. അപ്പോള്‍ അവരുടെ യോഗ്യതകള്‍ എന്തു മാനദണ്ഡം ഉപയോഗിച്ചാണ് തീരുമാനിക്കുക. കൂടാതെ പുറത്തു തൊഴില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാധ്യതയും വരും. വില നിശ്ചയത്തിന്റെ മാനദണ്ഡങ്ങള്‍ ദുരൂഹവും, വന്‍ അഴിമതിക്ക് അവസരം ഒരുക്കുന്നതും ആണ്. വിംസില്‍ നിന്നും മാലിന്യങ്ങള്‍ കുടിവെള്ള ശ്രോതസായ കാരാപ്പുഴ ഡാമിലേക്ക് ഒഴുകിയെത്തുന്നു എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ മടക്കിമലയില്‍ തന്നെ മെഡിക്കല്‍ കോളേജ് വേണമെന്ന് ഉണ്ണി ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: