തൃശൂര്‍: വേറിട്ട നിര്‍മ്മാണ പ്രവൃത്തികളിലൂടെ മാതൃകയായി പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് ആനവാരി പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍. ആനവാരിയില്‍ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്തിനടുത്തുള്ള വനാതിര്‍ത്തിയിലും, വനത്തിനകത്തും കരിങ്കല്ലുകള്‍ കൊണ്ട് തടയണകള്‍ നിര്‍മ്മിക്കുകയാണ് ഈ പെണ്‍കൂട്ടായ്മ. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ജലസംഭരണ ഭാഗങ്ങളില്‍ മണ്ണടിയുന്നത് തടയുക എന്ന ദീര്‍ഘവീക്ഷണത്തോട് കൂടിയാണ് ഈ പ്രവര്‍ത്തനം.
വനത്തിനകത്തുള്ള കരിങ്കല്ലുകള്‍ ഇളക്കിയെടുത്ത് ശേഖരിച്ച് കൊണ്ടുവന്നുള്ള കഠിനപ്രയത്നത്തിലൂടെയാണ് തടയണ നിര്‍മ്മാണം. വന്യജീവികളുടെ വിഹാരകേന്ദ്രമാണ് ഇവിടം. ഭയപ്പാടോടെയാണ് പണികള്‍ പുരോഗമിക്കുന്നതെങ്കിലും ഈ നിര്‍മ്മിതി കൊണ്ട് വന്യജീവികള്‍ക്കും ദാഹജലം ലഭ്യമാകുമെന്ന സന്തോഷവും ഇവര്‍ പങ്കുവെക്കുന്നു. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാനുള്ള ഗ്രാമീണ വനിതകളുടെ ഈ പ്രവര്‍ത്തനം അനുകരണീയം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: