തിരുവനന്തപുരം: ലൈഫ് മിഷന്-റെഡ്ക്രസന്റ് അഴിമതിയില്‍ കുടുങ്ങുമെന്നായപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിനെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന അഴിമതിയില്‍ സിബിഐ കൂടി വരുമെന്ന ഭയമാണ് ഒരു കാരണം. വിജിലന്‍സ് അന്വേഷണത്തിന്റെ മറവില്‍ തെളിവുകള്‍ നശിപ്പിക്കാമെന്നാണ് മറ്റൊരു കണക്കുകൂട്ടല്‍.
സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിലാണ് ലൈഫ്മിഷനും ദുബായ് റെഡ്ക്രസന്റുമായി ഒപ്പിട്ട ധാരണാപത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നത്. വടക്കാഞ്ചേരിയില്‍ യുണിടാക്ക് നടത്തുന്ന നിര്‍മ്മാണത്തിന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് അടക്കം നാലേകാല്‍കോടി കമ്മീഷന് നല്കിയതും പുറത്തുവന്നു. റെഡ്ക്രസന്റുമായി സംസ്ഥാനത്തിന് ധാരണാപത്രം ഒപ്പിടാനാകില്ലെന്നും ഒപ്പിട്ടത് ചട്ടലംഘനമെന്നും കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പദ്ധതിയുടെ ഫയലുകള്‍ അടക്കമുള്ളവ എന്‍ഫോഴ്സ്മെന്റും കസ്റ്റംസും എന്‍ഐഎയും ശേഖരിച്ചു. ലൈഫ് മിഷന് സിഇഒ യു.വി. ജോസിന്റെ മൊഴിയുമെടുത്തു. ധാരണാപത്രത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനം മാത്രമാകുമെന്ന് നിയമവിദഗധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ സിബിഐയും കേസ് അന്വേഷിക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. മാത്രമല്ല ബിജെപി അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ സിബിഐ അന്വഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം ദുരൂഹമാണ്. ലൈഫ് മിഷന് കരാര്‍ യുണിടാക്കിന് നല്‍കിയതില്‍ മന്ത്രി പുത്രന്മാര്ക്ക് പങ്കുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരുമന്ത്രി നേരിട്ട് ഇടപെട്ടാണ് ഹാബിറ്റാറ്റിന് നല്‍കാനിരുന്ന കരാര്‍ യുണിടാക്കിന് നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ച് ചട്ടങ്ങള്‍ കാറ്റിപ്പറത്തി ധാരണാപത്രം ഒപ്പിടുന്നത്. അങ്ങനെയുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷണത്തില്‍ എന്ത് പ്രയോജനമെന്നും ചോദ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: