തിരുവനന്തപുരം/ ബെംഗളൂരു : ദല്‍ഹി, ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതികളെ പിടികൂടാനായത് എന്‍ഐഎ അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെ പ്രത്യേക സംഘം രണ്ടാഴ്ച മുമ്പ് സൗദിയിലെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ലഷ്കര്‍ ഇ തോയ്ബ പ്രവര്‍ത്തകനായ ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍നവാസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന കണ്ണൂര്‍ സ്വദേശി ഷുഹൈബ് എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചത്. ഭീകരവാദക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ രൂപീകരിച്ചതാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍. ഇരുവരും സിമിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ കൂടിയാണ്.
കേരള പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. അറസ്റ്റിനുശേഷമാണ് കേരള പോലീസ് വിമാനത്താവളത്തിനു പുറത്തെത്തിയത്. രാത്രി ഒമ്പതരയോടെയാണ് പ്രതികളെ പുറത്തെത്തിച്ചത്. അറസ്റ്റ് നടത്താന്‍ കൊച്ചിയില്‍നിന്നുള്ള ഉദ്യോഗസ്ഥരടക്കം എത്തി. ഇവര്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥരെത്തിയത്. റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയതുമുതല്‍ റോ നിരീക്ഷണം ഇവര്‍ക്കുമേല്‍ ഉണ്ടായിരുന്നു. റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരരെ തിങ്കഴാഴ്ച വൈകീട്ട് ആറേകാലോടെ തിരുവനന്തപുരത്ത് എത്തിച്ച് മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യംചെയ്തു.
ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014 ല്‍ ബെംഗളൂരു സ്ഫോടനത്തിനു ശേഷം പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുകയായിരുന്നു. ഈ സ്ഫോടനക്കേസില്‍ പിടികിട്ടാന്‍ ബാക്കിയുള്ള ഏക പ്രതികൂടിയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ ചെന്ന ശേഷം വിവാഹിതനായി ബിസിനസ് നടത്തുകയാണ് ഇയാളെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഇടയ്ക്കു റിയാദില്‍ വന്നുപോകുന്നതായും ഇന്റര്‍പോളില്‍ നിന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചു. തുടര്‍ന്നാണ് അവിടെ പിടികൂടാന്‍ നീക്കം നടത്തിയത്. ഷുഹൈബ് കേരളത്തില്‍ നിന്നു ഹവാല വഴി ഭീകരവാദ സംഘടനകള്‍ക്കു പണം എത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
2008 ജൂലായ് 25-നാണ് ബെംഗളൂരുവില്‍ ഒമ്പതിടങ്ങളിലായി സ്ഫോടന പരമ്പരയുണ്ടാകുന്നത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ വിചാരണ ബെംഗളൂരു പ്രത്യേക കോടതിയില്‍ അന്തിമഘട്ടത്തിലാണ്. പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനി കേസില്‍ 31-ാം പ്രതിയാണ്. കേസിലെ നാലു പ്രതികള്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേസിലെ 32 പ്രതികളില്‍ 26 പേരും മലയാളികളാണ്. കേസില്‍ ഏഴു പ്രതികളെ ഇനിയും പിടികൂടാനുണ്ട്. എട്ടിലധികം സ്ഫോടനക്കേസുകളില്‍ ഷുഹൈബ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. കോഴിക്കോട് സ്ഫോടനക്കേസുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: