ദുബായ്: കഴിഞ്ഞ സീസണുകളില്‍ മികച്ച ടീമായിരുന്നിട്ടും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ പോയതിന് പ്രായശ്ചിത്തം ചെയ്യാനുള്ള പുറപ്പാടിലാണ് കിങ്സ് ഇലവന് പഞ്ചാബ്. പതിമൂന്നാമത് ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ കിങ്സ് ഇലവന് ഇന്ന് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
പുതിയ സീസണില്‍ പുത്തന്‍ നായകനുമായാണ് കിങ്സ് ഇലവന് കളിക്കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി വീറുറ്റപോരാട്ടം നടത്താന്‍ പുതിയ നായകന് കെ.എല്‍. രാഹുല്‍ ടീമിന് പ്രചോദനമാകും. തുടക്കം മുതല്‍ ഒടുക്കം വരെ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയാണ് പഞ്ചാബിന്റെത്.
ടി20യില്‍ മികച്ച റെക്കോഡുള്ള ക്രിസ് ഗെയ്ല്, ഓസീസിന്റെ ഗ്ലെന്‍ മാക്സ്വെല്, പൂരന്, ക്യാപ്റ്റന്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ്ങിന് കരുത്ത് പകരുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രതിഭ തെളിയിച്ച ജിമ്മി നിഷാവും ടീമിലുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പേസ് നിരയെ നയിക്കുന്നത്.
കേരളത്തില്‍ വേരുകളുള്ള ശ്രേയസ് അയ്യര്‍ നയിക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സ് യുവാക്കളും പരിചയസമ്പന്നരും അടങ്ങുന്ന ടീമാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്, ഋഷഭ് പന്ത്, പൃഥ്വി ഷാ, രഹാനെ തുടങ്ങിയവരാണ് ബാറ്റിങ്ങിലെ ശക്തികേന്ദ്രങ്ങള്‍. മധ്യനിരയില്‍ അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന ഹെറ്റ്മെയറും സ്റ്റോയ്നിസും ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബഡയും ഇന്ത്യന്‍ മീഡിയം പേസര്‍ ഇഷാന്ത് ശര്‍മയുമാണ് ബൗളിങ്ങിനെ നയിക്കുന്നത്. ഇന്ത്യയുടെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്. അശ്വിന്റെ സാന്നിദ്ധ്യം ദല്‍ഹിക്ക് കരുത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: