ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വഴിയും വൈദ്യുതിയും തടസപ്പെട്ടിട്ട് ഒന്നരമാസം പിന്നിടുന്നു. റോഡ് ഗതാഗത യോഗ്യമാണെന്ന് വനംവകുപ്പ് അവകാശപ്പെടുമ്പോള്‍ വൈദ്യുതി ബോര്‍ഡും പഞ്ചായത്ത് സെക്രട്ടറിയും ഇത് തള്ളുകയാണ്.
കാനനപാതയിലൂടെ ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം പോകുന്ന വഴിയാണ് ഇടമലക്കുടിക്കുള്ളത്. ഇതിനടിയിലൂടെയാണ് ഭൂകര്‍ഭ വൈദ്യുതി കേബിളും സ്ഥാപിച്ചിരുന്നത്. കഴിഞ്ഞമാസം ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തെ തുടര്‍ന്നാണ് ഇടമലക്കുടിയിലേക്കുള്ള വഴി തകര്‍ന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നിരവധിയിടങ്ങളില്‍ മലയിടിഞ്ഞും മരങ്ങള്‍ കടപുഴകിയും റോഡ് തടസപ്പെട്ടതായി കണ്ടെത്തി.
പെട്ടിമുടിയില്‍ പരിശോധന നടത്തിയതിനൊപ്പം ഇടമലക്കുടിയിലേക്കുള്ള റോഡ് നന്നാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. മൂന്നാര്‍ ഡിഎഫ്ഒയുടെ കീഴില്‍ മൂന്നാര്‍ റേഞ്ചില്‍ വരുന്ന സ്ഥലമാണിവിടം. സ്ഥലത്ത് വനംവകുപ്പ് പണികള്‍ നടത്തിയെങ്കിലും ഇത് കൃത്യമായി ഫലം കണ്ടിലെന്നാണ് ആക്ഷേപം. ആഴ്ചതോറും ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച റിവ്യൂ യോഗവും വിളിച്ചിരുന്നു. അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ അഞ്ച് ദിവസത്തിനകം വൈദ്യുതി എത്തിക്കാനാകുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.
എന്നാല്‍ സ്ഥലത്ത് ഇപ്പോഴും പലയിടത്തും മലയിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. പെട്ടിമുടിയില്‍ നിന്ന് 10 കിലോ മീറ്ററോളം അകലെയാണ് ഇടമലക്കുടിയിലെ ആദ്യകുടിയായ സൊസൈറ്റികുടി. പിന്നീട് 8 കിലോ മീറ്റര്‍ കൂടി പോകണം മറ്റ് സ്ഥലങ്ങളിലെത്താന്‍. കളക്ടര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് വനംവകുപ്പിന് റോഡ് നന്നാക്കുന്നതില്‍ അനക്കംവെച്ചത്. പെട്ടിമുടിയില്‍ മാത്രം വലിയ തോതില്‍ കേബിള്‍ മുറിഞ്ഞ് പോയിട്ടുണ്ടെന്ന് കെഎസ്ഇബി തൊടുപുഴ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. ജന്മഭൂമിയോട് പറഞ്ഞു.
കല്ലുകളും മരങ്ങളും വന്നടിച്ച് കേബിള്‍ വലിഞ്ഞ് പോയതിനാല്‍ ദീര്‍ഘ ദൂരത്തില്‍ മാറ്റേണ്ടി വരും. ഇത്തരത്തില്‍ പലയിടത്തും കേബിള്‍ മുറിഞ്ഞിട്ടുണ്ട്. റോഡ് ശരിയായാല്‍ ഉടന്‍ തന്നെ പണി തീര്‍ക്കാനാകുമെന്നും നടപ്പ് വഴി പോലും പലയിടത്തും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ മാസം അവസാനത്തോടെ ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കാനാകുമെന്നാണ് കണക്ക് കൂട്ടുന്നതെന്ന് സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും പറഞ്ഞു. നിലവില്‍ കനത്ത മഴയും തണുപ്പും കാരണം പണി നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ലഭ്യമാകുന്ന വിവരം പ്രകാരം റോഡ് പുനസ്ഥാപിക്കുന്നതിനും വൈദ്യുതി എത്തുന്നതിനുമായി ഒരുമാസത്തോളമെടുക്കുമെന്നാണ് വിവരം. നിരവധി കുടികളുള്ള ഇടമലക്കുടിയില്‍ എന്തെങ്കിലും അപായം സംഭവിച്ചാല്‍ അവിടെ വാഹനങ്ങള്‍ക്ക് എത്തുകയെന്നത് സാധ്യമല്ല. വിവരങ്ങള്‍ കൃത്യ സമയത്ത് ലഭിക്കുന്നതിനും വലിയ തടസമുണ്ട്. നിലവില്‍ വനംവകുപ്പിന്റെ വയര്‍ലസ് സംവിധാനം മാത്രമാണ് അവിടെയുള്ളത്. ഇടമലക്കുടിയിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ നിലയില്‍(വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: