വിമാനത്താവളങ്ങള്‍ ഒരു രാജ്യത്തിലേക്കോ സംസ്ഥാനത്തിലേക്കോ ഉള്ള കവാടമാണ്. മികച്ച അന്തരീക്ഷവും കാര്യക്ഷമമായ ഉപഭോക്ത്യ സേവനവുമുള്ള ഒരു യാത്രിക സൗഹൃദ വിമാനത്താവളം ഏതു സംസ്ഥാനത്തിന്റെയും വികസനത്തെ ത്വരിതപ്പെടുത്തും. അത് ആ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടുമായിരിക്കും. യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ജനതയുടെ മനോഭാവത്തെയാണ് അത് കാട്ടിത്തരുന്നത്. ‘അതിഥി ദേവോ ഭവ’ എന്നാണ് ഭാരത സംസ്കൃതി ഉദ്ഘോഷിക്കുന്നത്. അതിഥിക്കും സ്വദേശിക്കും സഞ്ചാരമാര്‍ഗ്ഗങ്ങള്‍ സുഗമമാക്കേണ്ടത് വിനോദ സഞ്ചാരത്തെ വരുമാനമായി കാണുന്ന ഏതൊരു സര്‍ക്കാരും ആദ്യം ചെയ്യേണ്ട കര്‍ത്തവ്യങ്ങളിലൊന്നാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അന്‍പത് വര്‍ഷത്തേക്ക് അദാനി എന്റര്‍പ്രൈസസ്സിന് പാട്ടത്തിന് നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിയോജിപ്പിലാണ്. വിമാനത്താവളം പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് (പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്) അദാനി ഗ്രൂപ്പിന് കൈമാറുന്നത്. തിരുവനന്തപുരത്തിന് പുറമെ ജയ്പൂര്‍, ഗുവഹത്തി എന്നീ വിമാനത്താവളങ്ങളും അദാനിഗ്രൂപ്പിന് കൈമാറുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി നടത്തിയ ലേലത്തില്‍ വിജയിച്ചവര്‍ എന്ന നിലയ്ക്കാണ് വിമാനത്താവളങ്ങള്‍ അദാനിഗ്രൂപ്പിന് ലഭിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഇന്ഫ്രാസ്കചറിലാണ് സര്‍ക്കാരുകള്‍ ഇപ്പോള്‍ കൂടുതലായും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നത്. ഹൈവേ, എയര്‍പോര്‍ട്ട്, പാലങ്ങള്‍, ടണലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലും സ്വകാര്യ മേഖലകള്‍ കൂടി പങ്കാളിയാകുമ്പോള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരികയും പൊതുജനം വികസനത്തിന്റെ ഗുണഭോക്താക്കള്‍ ആവുകയും ചെയ്യും. സ്വകാര്യ വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണല്ലോ മത്സരക്ഷമത വ്യോമയാന രംഗത്ത് വന്നതും സാധാരണകാര്‍ക്ക് പോലും വിമാനയാത്രാ ചെലവ് താങ്ങാനായതും. ടെലിഫോണ്‍ മേഖലയും മുന്നിലെ മറ്റൊരു അനുഭവ പാഠമാണ്.
ഒരു വിമാനത്താവളം ഒരു വാണിജ്യ ഉപഭോക്തൃ സേവന സംരംഭമാണ്. അതുകൊണ്ടു തന്നെ സ്വകാര്യ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ മേഖലയല്ലത് എന്നാണ് അനുഭവം തെളിയിക്കുന്നത്. കാര്യക്ഷമവും സൗകര്യപ്രദവും അത്യാധുനികവുമായ വിമാനത്താവളം എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കും. അത് സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തും. സര്‍ക്കാരുകള്‍ നേരിട്ട് നടത്തുന്ന വിമാനത്താവളങ്ങളില്‍ ഉയര്‍ന്ന യൂസര്‍ ഫീ ചുമത്തപ്പെടുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് ടിക്കറ്റ് നിരക്ക് ഉയരുന്നതിനു കാരണമാകുന്നു. ഇത് സ്വകാര്യ സംരംഭകര്‍ എത്തുമ്പോള്‍ യൂസര്‍ഫീയില്‍ കുറവ് വരുത്തി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും. കൂടുതല്‍ എയര്‍ കണക്ടിവിറ്റി ഉണ്ടായാല്‍ മാത്രമേ തിരുവനന്തപുരം വീമാനത്താവളത്തിന്റെ വികസനം സാധ്യമാകൂ. വിമാനക്കമ്പനികളെ ലാന്‍ഡിങ് ചാര്‍ജ്ജുകള്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്കി ഇവിടേക്ക് ആകര്‍ഷിച്ച് പുതിയ സര്‍വീസുകള്‍ കൊണ്ടുവരാന്‍ സ്വകാര്യ കമ്പനികള്‍ക്ക് കഴിയും. ഭൂമിശാസ്ത്രപരമായ അനുകൂലഘടകങ്ങള്കൊണ്ട് തിരുവനന്തപുരത്തെ വിമാന ഇന്ധനം നിറയ്ക്കുന്നതിനുള്ള ഫ്യൂവല്‍ റീഫില്ലിങ് സ്റ്റേഷനാക്കി മറ്റാനുള്ള സാധ്യതകളുമുണ്ടെന്ന് ഈ രംഗത്തെ വിദ്ഗ്ധര് പറയുന്നു. ഇതിനൊക്കെ ആദ്യഘട്ടത്തില്‍ വന്‍ നിക്ഷേപം വേണം. സാമ്പത്തിക ബാധ്യതകളുള്ള സര്‍ക്കാരിന് വാണിജ്യ ഉപഭോക്തൃ മേഖലയില്‍ ഇങ്ങനെ നിക്ഷേപിക്കാന്‍ ആവില്ല.
2018-19 വര്‍ഷത്തില്‍ 45 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചത്. സൗകര്യങ്ങളും എയര്കണക്ടിവിറ്റിയും സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കപ്പെടുമ്പോള്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. അത് കൂടുതല്‍ മൂലധന നിക്ഷേപത്തിന് വഴിവയ്ക്കും. പ്രവാസികളില്‍ നിന്നുള്ള പണമൊഴുക്കാണ് കേരളത്തിന്റെ സാമ്പത്തിക ഭദ്രത നിലനിര്‍ത്തിയിരുന്നത്. പ്രവാസികളുടെ പോക്കുവരവിന് സൗകര്യങ്ങള്‍ ഏറുമ്പോള്‍ അത് നിക്ഷേപ വര്‍ധനയ്ക്കും വഴിവയ്ക്കും.
1932 ല്‍ കേരള ഫ്ളൈയിങ് ക്ലബിന്റെ ഭാഗമായാണ് തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമാകുന്നത്. 1991 ല്‍ മാത്രമാണ് തിരുവനന്തപുരത്തിന് അന്താരാഷ്ട്ര വിമാനത്താവളം എന്ന പദവി ലഭിക്കുന്നത്. ഇനിയും പുതിയ ടെര്‍മിനലുകള്‍ സ്ഥാപിക്കണമെങ്കില്‍ സ്ഥലം ഏറ്റെടുപ്പ് വേണ്ടിവരും. സര്‍ക്കാര്‍ സ്ഥലമെടുപ്പിന് മുന്‍കൈ എടുക്കുകയും സ്വകാര്യ സര്‍ക്കാര്‍ പങ്കാളിത്വത്തോടെ മുന്നോട്ടു പോകുകയും ചെയ്താല്‍ അത് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് മുതല്‍ കൂട്ടാകും. ദേശീയ അന്തര്‍ദേശീയ ബന്ധങ്ങള്‍ വര്‍ധിക്കുമ്പോള്‍ ടൂറിസം മേഖല, ഐ ടി രംഗം , ആരോഗ്യ രംഗം എന്നിവ ഉണരുവാന്‍ തുടങ്ങും. സ്വകാര്യ സംരംഭത്തിന്റെ മേല്‍നോട്ടം കൂടി വരുമ്പോള്‍ മൂല്യവര്‍ധിത സേവനങ്ങളും ചെലവ് നിയന്ത്രണങ്ങളും ജീവനക്കാരുടെ കാര്യക്ഷമതയും ഉറപ്പുവരുത്താം. സംസ്ഥാനത്തേക്ക് ചികിത്സാസേവനങ്ങള്‍ക്കായി കൂടുതല്‍ ആളുകളുമെത്തും. സ്വഭാവികമായി വിമാനത്താവളത്തിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ പരോക്ഷമായി വികസിക്കുകയും തൊഴില്‍ അവസരങ്ങള്‍ വിപുലമാകുകയും ചെയ്യും.
പതിറ്റാണ്ടുകളായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അനുഭവിക്കുന്ന അവഗണന അവസാനിപ്പിക്കാന്‍ പുതിയ പങ്കാളിത്തത്തിലൂടെ കഴിയും. നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് അതിന്റെ പ്രതിഫലം ജനക്ഷേമത്തിനായി വിനിയോഗിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ബിസിനസുകള്‍ ചെയ്യുകയല്ല സര്‍ക്കാരുകളുടെ കര്‍ത്തവ്യം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ഒന്നിച്ച് കൈകോര്‍ക്കുമ്പോള്‍ അത് തെക്കന്‍ കേരളത്തിന്റെയാകെ സമുന്നതിക്കാണ് കവാടങ്ങള്‍ തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: