തിരുവനന്തപുരം : മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോടു പോലും മുഖ്യമന്ത്രിക്ക് ഭയമാണ്. കള്ളു കുടിച്ച കുരങ്ങനെ തേളു കുത്തിയാല്‍ എങ്ങനെയിരിക്കുമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീല്‍ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഭീഷണിയെയും പേടിപ്പിക്കലിനെയും മുഖവിലയ്‌ക്ക് എടുക്കുന്നില്ല. രാഷ്‌ട്രീയമായ ചോദ്യങ്ങള്‍ക്ക് രാഷ്‌ട്രീയമായ മറുപടിയാണ് വേണ്ടത്. ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. മകളെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി വികാര വിക്ഷുബ്ധനാകുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം സമനില ആര്‍ക്കാണ് തെറ്റിയതെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കണ്ട എല്ലാവര്‍ക്കും അറിയാവുന്നതാണ്. സമനില തെറ്റിയവനാണ് മറ്റുള്ളവര്‍ക്ക് സമനില തെറ്റിയെന്ന് തോന്നുക. പിണറായി വിജയന്റെ ചരിത്രം കുറെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. കോളേജില്‍ സീറ്റുവാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലു പിടിച്ചിട്ടെന്നും എല്ലാവര്‍ക്കും അറിയാം. പാപക്കറയില്‍ നിന്ന് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കാന്‍ ആവില്ല.
ബിജെപിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി ക്രിമിനലുകള്‍ക്കും സിപിഎമ്മിന്റെ പോലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി അധ്യക്ഷനെ വേറെ കണ്ടോളാം എന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കില്‍ ഞങ്ങളും തയ്യാറാണ്. അഴിമതിയുമായി ബന്ധപ്പെട്ടും രാഷ്‌ട്രീയമായുമുള്ള ആരോപണങ്ങളാണ് ബിജെപി ഉന്നയിച്ചിട്ടുള്ളത്. അതിനൊന്നും മറുപടി പറയാന്‍ പിണറായി തയ്യാറായിട്ടില്ല. മാനസിക നില തെറ്റിയത് പിണറായിക്കാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജന്‍സികള്‍ എപ്പോഴാണ് തന്നിലേക്ക് എത്തുന്നത് എന്ന ആശങ്കയിലാണ് അദ്ദേഹം.
പിണറായിയുടെ ഭീഷണി ബിജെപിക്ക് നേരെ വേണ്ട. ഭീഷണികൊണ്ട് പിന്മാറുന്നവരല്ല ബിജെപിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. മറ്റു തലത്തില്‍ മറുപടി തരും എന്നാണ് ഭീഷണി. അത് ഞങ്ങള്‍ കാത്തിരിക്കുകയാണ്. വാടിക്കല്‍ രാമകൃഷണന്‍ മുതല്‍ ആ മറുപടി ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതിനെ നേരിട്ടിട്ടുമുണ്ട്. പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങള്‍. നേര്‍ക്കുനേരെ നിന്ന് ശക്തമായി നേരിട്ടിട്ടുമുണ്ട്. പിണറായിക്ക് അതെല്ലാം ബോധ്യമുള്ളതുമാണ്. പിണറായി തന്റെ ചരിത്രം വിശദീകരിച്ചത് പരിഹാസ്യമായി. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക് പിണറായി ആരെന്ന് വ്യക്തമാവും.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റു മന്ത്രിമാര്‍ക്കും സിപിഎം നേതാക്കളുടെ മക്കള്‍ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണ ഏജന്‍സികളാണ്. അതൊന്നും പ്രതിപക്ഷം കെട്ടിച്ചമച്ചതല്ല. എന്നാല്‍ ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
ലൈഫ് മിഷനില്‍ കമ്മീഷന്‍ അടിച്ചതിനെ കുറിച്ചോ ഒരു മന്ത്രി ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയതിനെ കുറിച്ചോ സെക്രട്ടേറിയറ്റില്‍ തീ കത്തിയപ്പോള്‍ ഏതൊക്കെ ഫയലുകള്‍ കത്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നല്‍കിയില്ല. നാലരകൊല്ലം മുമ്പ് മറ്റൊരു മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ പിണറായി സ്വീകരിച്ച നിലപാട് കുറ്റാരോപിതര്‍ അധികാരത്തില്‍ നിന്ന് മാറണം എന്നായിരുന്നു. ഇപ്പോള്‍ അത് ബാധകമാകില്ലെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
ലൈഫ് മിഷന്‍ തട്ടിപ്പില്‍ കമ്മീഷന്റെ മുഖ്യ പങ്ക് മന്ത്രി പുത്രനിലേക്കാണ് പോയിട്ടുള്ളത്. പേരക്കുട്ടിയുടെ മാലയെടുക്കാനാണ് ലോക്കര്‍ തുറന്നതെന്നാണ് പറയുന്നത്. ഒരു പവന്റെ മാല ലോക്കറില്‍ വച്ചു എന്ന് പറയുന്നത് അവിശ്വസനീയമാണ്. അഴിമതി പണത്തിന്റെ വലിയ ഭാഗം പിണറായി വിജയനിലേക്കാണ് പോയതെന്ന ആരോപണം സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കൂടുതല്‍ മന്ത്രിമാരിലേക്ക് അന്വേഷണം എത്തും. രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്തെ ഒരു മന്ത്രിയെ കാണാനില്ല. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒറ്റ അഴിമതിക്കാരനും രക്ഷപ്പെടാന്‍ അനുവദിക്കില്ല.
രാഷ്‌ട്രീയമായ ആരോപണങ്ങള്‍ക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടത്. ഭീഷണിപ്പെടുത്തി സമരത്തെ അടച്ചമര്‍ത്താമെന്നത് വ്യാമോഹമാണ്. പോലീസിനൊപ്പം ഡിവൈഎഫ്‌ഐ ക്രിമിനലുകളും ബിജെപിയെ നേരിടാന്‍ രംഗത്തു വന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐ അതേ നാണയത്തില്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ആരംഭിച്ചത്. മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാലും കുമ്മനം രാജശേഖരനും ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷും മുന്നില്‍ നിന്ന് നയിച്ചു. ഒ. രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, വി.വി.രാജേഷ് എന്നിവരും സംസാരിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണ, ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ, സംസ്ഥാന ട്രഷറര്‍ ജെ.ആര്‍. പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി , കരമനജയന്‍, എസ്.സുരേഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: