തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ കൊല്ലത്തെ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പോലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന സ്വര്‍ണ്ണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
ജനാധിപത്യരീതിയില്‍ സമരം ചെയ്ത കൊല്ലത്തെ യുവമോര്‍ച്ചാ നേതാക്കളുടെ വീടുകളില്‍ കയറി പൊലീസ് അതിക്രമം നടത്തുകയാണ്. ജില്ലയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പൊലീസ് പീഡനം അവസാനിപ്പിക്കണം. സംസ്ഥാനത്തങ്ങിങ്ങോളം സമാധാനപരമായി സമരം ചെയ്ത ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം കാണിക്കുകയാണ്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കരുത്തോടെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കേരളത്തിന് അപമാനമായ കെ.ടി ജലീല്‍ രാജിവെക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്ത മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് തല്ലിചതച്ചത് മനുഷ്യത്വ വിരുദ്ധമാണ്. ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയും മാധ്യമങ്ങളോട് ജനാധിപത്യവിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്ന രാജ്യദ്രോഹ കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കും വരെ ബിജെപി സമരം ചെയ്യും. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: