ന്യൂദല്‍ഹി: ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന് പ്രോജക്ടിന്റെ ദുര്‍ഗാപുര്‍-ബാങ്ക ഭാഗവും രണ്ട് എല്‍പിജി ബോട്ട്ലിങ് പ്ലാന്റുകളുമാണ് ഉദ്ഘാടനം ചെയ്തത്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഹാറിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിയം, ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട 21,000 കോടി രൂപയുടെ 10 വന്‍കിട പദ്ധതികളാണ് ബിഹാറിനായി നല്കിയ പ്രത്യേക പാക്കേജിലുള്ളത്. ഇവയില്‍ ഏഴാമത്തെ പദ്ധതിയാണ് ഇന്നലെ സമര്‍പ്പിച്ചത്. ഒന്നര വര്‍ഷം മുമ്പ് തറക്കല്ലിട്ട സുപ്രധാന ഗ്യാസ് പൈപ്പ്ലൈന് പദ്ധതിയുടെ ദുര്‍ഗാപുര്‍-ബാങ്ക സെക്ഷന്‍ (ഏകദേശം 200 കിലോമീറ്റര്‍) ഉദ്ഘാടനം ചെയ്തത്. കിഴക്കന്‍ ഇന്ത്യയെ കിഴക്കന്‍ കടല്‍ത്തീരത്തെ പാരാദീപുമായും പടിഞ്ഞാറന്‍ തീരത്ത് കണ്ട്ലയുമായും ബന്ധിപ്പിക്കാനുള്ള ഭഗീരഥപ്രയത്നം പ്രധാനമന്ത്രി ഊര്‍ജ്ജ ഗംഗ യോജനയുടെ കീഴില്‍ ആരംഭിച്ചു.
ഏഴ് സംസ്ഥാനങ്ങളെ 3000 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ്ലൈന് വഴി ബന്ധിപ്പിക്കുമെന്നും അതില്‍ ബിഹാറിനു മുഖ്യപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരാദീപ് – ഹല്‍ദിയയില്‍ നിന്നുള്ള ലൈന്‍ ഇപ്പോള്‍ പട്ന, മുസാഫര്‍പൂര്‍ എന്നിവിടങ്ങളിലേക്ക് നീട്ടും. കണ്ട്ലയില്‍ നിന്ന് ഗൊരഖ്പുര്‍ വരെയെത്തിയ പൈപ്പ്ലൈനും ഇതുമായി ബന്ധിപ്പിക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ പൈപ്പ്ലൈന് പദ്ധതികളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഗ്യാസ് പൈപ്പ്ലൈനുകള് ഉള്ളതിനാല്‍ ബിഹാറില്‍ വലിയ ബോട്ട്ലിങ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതില്‍ രണ്ട് പുതിയ ബോട്ട്ലിങ് പ്ലാന്റുകളാണ് ഇന്നലെ ബാങ്ക, ചമ്പാരണ്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചത്. ഈ രണ്ട് പ്ലാന്റുകള്‍ക്കും പ്രതിവര്‍ഷം 125 ദശലക്ഷത്തിലധികം സിലിണ്ടറുകള്‍ നിറയ്ക്കാനുള്ള ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: