ന്യൂയോര്‍ക്ക്: ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഇത്തവണ ഫെഡററോ, ദ്യോകോവിച്ചോ, നദാലോ ഇല്ലാത്ത യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍. ജര്‍മന്‍താരം അലക്‌സാണ്ടര്‍ സ്വരേവും ആസ്ട്രിയന്‍ താരം ഡൊമിനിക് തീമുമാണ് ഇത്തവണത്തെ കലാശപ്പോരില്‍ കിരീടത്തിനായി ഏറ്റുമുട്ടുന്നത്.
ഇരുപതാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റക്കിനെ തോല്‍പ്പിച്ചാണ് അഞ്ചാം സീഡായ സ്വരേവ് കലാശപ്പോരിന് അര്‍ഹത നേടിയത്. സ്‌കോര്‍: 3-6, 2-6, 6-3, 6-4, 6-3. ആദ്യ രണ്ട് സെറ്റുകളിലും അനായാസം തോല്‍വി സമ്മതിച്ച ശേഷമായിരുന്നു സ്വരേവിന്റെ ഉജ്ജ്വല തിരിച്ചുവരവ്.
ആദ്യ സെറ്റ് 6-3ന് നഷ്ടപ്പെടുത്തിയ സ്വരേവ് രണ്ടാം സെറ്റില്‍ തീര്‍ത്തും നിറംമങ്ങി. 6-2നായിരുന്നു സ്വരേവിന്റെ തോല്‍വി. മൂന്നാം സെറ്റ് 6-3ന് സ്വന്തമാക്കി ജര്‍മന്‍ താരം മത്സരത്തിലേക്ക് തിരിച്ചുവന്നു. നാലാം സെറ്റില്‍ ഇരുവരും പരസ്പരം സര്‍വീസ് ബ്രേക്ക് ചെയ്‌തെങ്കിലും ഒടുവില്‍ 6-4ന് സെറ്റ് സ്വരേവ് നേടി. അഞ്ചാം സെറ്റില്‍ സ്വെരേവ് ബുസ്റ്റയുടെ ആദ്യ സര്‍വീസ് തന്നെ ബ്രേക്ക് ചെയ്തു. ഒടുവില്‍ സെറ്റ് 6-3നു നേടി മത്സരവും ഫൈനലും സ്വന്തമാക്കി.
തന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലാണ് സ്വെരേവിന് മുന്നിലുള്ളത്. ഏകദേശം രണ്ടര പതിറ്റാണ്ടിന് ശേഷം, ഇതിഹാസ താരം ബോറിസ് ബെക്കറിന് ശേഷം, ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തുന്ന ആദ്യ ജര്‍മന്‍ താരമെന്ന റെക്കോഡും സ്വരേവ് സ്വന്തമാക്കി. ഈവര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നതായിരുന്നു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ സ്വരേവിന്റെ മികച്ച നേട്ടം.
നേരിട്ടുള്ള സെ്റ്റുകള്‍ക്ക് മൂന്നാം സീഡ് ഡാനില്‍ മെഡ്‌വദേവിനെ കീഴടക്കിയാണ് രണ്ടാം സീഡ് ഡൊമിനിക് തീം ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ സെറ്റ് 6-2ന് നേടിയ തീം രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും കടുത്ത മത്സരം നേരിട്ടു. ഒടുവില്‍ ടൈ ബ്രേക്കറില്‍ ഇരു സെറ്റും ഓസ്ട്രിയന്‍ താരം സ്വന്തമാക്കി. സ്‌കോര്‍: 6-2, 7-6 (9-7), 7-6 (7-5).
കരിയറില്‍ നാലാം തവണയാണ് തീം ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ എത്തുന്നത്. ഈ വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2018, 19 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റുകളിലായിരുന്നു തീമിന്റെ മുന്‍ ഫൈനലുകള്‍.
















