ഇടത് ഇസ്ലാമിസ്റ്റ് ലോബിയുടെ കൂട്ടായ സമ്മര്‍ദ്ദത്തെയും ഭീഷണിയെയും തുടര്‍ന്ന് Delhi riots: The Untold Story എന്ന പുസ്തകം ബ്ലൂംസ്ബറി ഇന്ത്യ പിന്‍വലിച്ച നടപടി ഏറെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗദൂദിസ്റ്റുകളും ചുവന്ന കുപ്പായമിട്ട ഇസ്ലാമിസ്റ്റുകളും നടത്തിവന്ന സമരകോലാഹലങ്ങള്‍ ആസൂത്രിതമായ ഹിന്ദുത്വ വിരുദ്ധ കലാപമായി ഡല്‍ഹിയില്‍ മാറിയിരുന്നു. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ താഹിര്‍ ഹുസൈന് അടക്കമുള്ളവര്‍ ഭാഗമായ ഈ കലാപം തുടക്കം മുതലേ മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ അജണ്ടകള്‍ക്കനുസരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. നുണയില്‍ പൊതിഞ്ഞ ഈ ആഖ്യാനങ്ങള്‍ക്ക് ബദലായി വസ്തുതകള്‍ മുന്നോട്ട് വെയ്ക്കാനുള്ള സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ മോണിക്ക അറോറ, സൊനാലി ചിതാല്‍ക്കര്‍, പ്രേരണ മല്‍ഹോത്ര എന്നിവരുടെ ശ്രമമാണ് ഈ പുസ്തകം. ഈ കൃതി പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് പിന്‍വലിച്ച ബ്ലൂംസ്ബറിയുടെ നടപടി ഭാരതത്തില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം ആര്‍ക്കൊക്കെയാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.
2014ല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ചില പ്രത്യേക പ്രത്യയ ശാസ്ത്ര അനുകൂലികളായ എഴുത്തുകാര്‍ രാജ്യത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യം അപകടത്തിലാണ് എന്ന വിധത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2015 ലെ ബീഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തോടെ അവാര്‍ഡ് തിരിച്ചു കൊടുക്കല്‍ നാടകം ഈ ലോബി അവസാനിപ്പിച്ചിരുന്നു. സല്മാന് റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ ഇസ്ലാമിക രാജ്യങ്ങള്‍ നിരോധിക്കുന്നതിന് മുമ്പ് നിരോധിച്ചാണ് രാജീവ് ഗാന്ധിയുടെ കാലത്തെ ഇന്ത്യ ആവിഷ്ക്കാര സ്വാതന്ത്ര്യം നടപ്പാക്കിയത്. ആ നിരോധനം ഇപ്പോഴും തുടരുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്മാര് ആരെങ്കിലും ആ പുസ്തകത്തിന്റെ നിരോധനം പിന്‍വലിക്കണമെന്ന് ഇത്ര കാലമായിട്ടും ആവിശ്യപ്പെട്ടിട്ടില്ല. പശ്ചിമബംഗാളില്‍ ഇടതുപക്ഷം ഭരിച്ചപ്പോഴാണ് തസ്ലീമ നസ്റീന്റെ ആത്മകഥയായ ‘ദ്വിഖണ്ഡിതോ’ നിരോധിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കല്‍ക്കത്ത ഹൈക്കോടതി ഇടപെട്ടാണ് ഈ പുസ്തകത്തിന്റെ നിരോധനം അവസാനിപ്പിച്ചത്.
ഡല്‍ഹി ഹിന്ദുവിരുദ്ധ കലാപം എന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ബിജെപി സര്‍ക്കാറിന്റെ ചില സുപ്രധാന തീരുമാനങ്ങളോട് ഇസ്ലാമിസ്റ്റുകള്‍ക്കുള്ള കടുത്ത വിയോജിപ്പും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. കാശ്മീരിന് പ്രത്യേക അധികാരം നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്തലാക്ക് നിയമം മൂലം നിരോധിച്ചത്, ഇസ്ലാമിക തീവ്രവാദത്തിന് എതിരെ കൈക്കൊണ്ട ശക്തമായ നിലപാടുകള്‍ എന്നിവ ചില പ്രത്യേക കേന്ദ്രങ്ങളെ അലോസരപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പൗരത്വ നിയമത്തില്‍ ഭേദഗതിയുണ്ടായത്. രാജ്യത്തിന്റെ ക്രമസമാധാനനില തകര്‍ക്കുകയെന്ന രഹസ്യ അജണ്ടയുടെ ഭാഗമായാണ് ചില കേന്ദ്രങ്ങളില്‍ ആസൂത്രിതമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ ഭാരതത്തെയും ഭരണത്തിലിരിക്കുന്ന സര്‍ക്കാറിനെയും താറടിച്ചുകാണിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തില്‍ എത്തിയപ്പോഴാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് എന്നത് യാദൃച്ഛികമായി കരുതാനാവില്ല.
ബ്ലൂംസ്ബറി പോലെ പ്രശസ്തമായ ഒരു പ്രസാധക സംഘം പ്രസിദ്ധീകരണത്തിനായി പുസ്തകം സ്വീകരിച്ച ശേഷം അതില്‍ നിന്ന് പിന്തിരിയുന്നത് ചരിത്രത്തില്‍ ഇത് ആദ്യമായിരിക്കും. എഡിറ്റിംഗും ലേഔട്ടും കഴിഞ്ഞതിന് ശേഷമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രസാധകസംഘം പിന്‍വലിഞ്ഞത്. കൂടുതല്‍ വായനക്കാരുള്ള ചില എഴുത്തുകാര്‍ തങ്ങളുടെ പുസ്തകം പിന്‍വലിക്കുമെന്ന് ബ്ലൂംസ്ബറിയെ അറിയിച്ചതോടെയാണ് അവര്‍ ഈ സമീപനം സ്വീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്‍ വിദ്വേഷപ്രചാരണവും നടന്നു. പിന്‍വലിച്ച പുസ്തകത്തിന്റെ പിഡിഎഫ് സോഷ്യല്‍ മീഡിയാ വഴി ചോര്‍ത്തിയെന്നാരോപണം വാര്‍ത്താ പോര്‍ട്ടലുകളായ ദിക്വിന്റ്, ന്യൂസ് ലോണ്‍ഡ്രി എഴുത്തുകാരിയായ വില്ല്യം ഡാല്‍റിംപിള്‍, മീനകന്തസാമി എന്നിവര്‍ നേരിടുന്നുണ്ട്.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി വാതോരാതെ സംസാരിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള പുസ്തകം പിന്‍വലിച്ച നടപടിയില്‍ ഇപ്പോഴും നിശ്ശബ്ദരാണ്. മുഖ്യധാരാ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമിടയില്‍ അസഹിഷ്ണുത എത്രത്തോളം വ്യാപരിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് പുസ്തകത്തോടുള്ള എതിര്‍പ്പും പുസ്തകം പിന്‍വലിച്ചതിനെതിരെയുള്ള നിശ്ശബ്ദതയും. ഹിന്ദുവിരുദ്ധ-ഇന്ത്യാവിരുദ്ധ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കോക്കസ്സിനെ പുറത്തുകൊണ്ടുവരാന്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ക്ക് സാധിച്ചു. ബ്ലൂംസ്ബറിയുടെ പിന്മാറ്റത്തിന് ശേഷം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഗരുഡപ്രകാശന്, പുസ്തകത്തിന്റെ പ്രീബുക്കിംഗ് തുടങ്ങിയപ്പോള്‍ ആവശ്യക്കാരുടെ ആധിക്യം മൂലം പ്രസാധകരുടെ വെബ്സൈറ്റില്‍ പോലും സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. ഏകദേശം ഇരുപതിനായിരത്തോളം പ്രീബുക്കിംഗ് ആണ് ചുരുങ്ങിയ സമയത്തിനുള്ളില്‍
പുതിയ പ്രസാധക സംഘത്തിന് ലഭിച്ചത്. പ്രസാധകരംഗത്തെ നിര്‍ണ്ണായകമായ ഒരു ഏടായി ഈ ഗ്രന്ഥത്തിന്റെ പ്രസാധനം മാറിയിരിക്കുകയാണ്. ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നുവെന്നുമാത്രമല്ല ആ വസ്തുതകളെ ഭയക്കുന്നവരുടെ വികൃത മുഖം അനാവരണം ചെയ്തു എന്ന് കൂടിയാണ്. Delhi riots: The Untold Story എന്ന പുസ്തകം സാധ്യമാക്കിയിരിക്കുന്നത്.
ഗണേശ് പുത്തൂര്‍
ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല
ചരിത്രവിഭാഗം വിദ്യാര്‍ത്ഥി
പ്രതികരിക്കാൻ ഇവിടെ എഴുതുക: