ന്യൂയോര്‍ക്ക്: രണ്ടാം സീഡ് ഡൊമിനിക് തീമും വനിതകളുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും യുഎസ് ഓപ്പണിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
ഓസ്ട്രിയന്‍ താരമായ ഡൊമിനിക് തീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 6-1,6-2,6-4 എന്ന സ്‌കോറിനാണ് തീം വിജയിച്ചത്.
സെമിയില്‍ ഡൊമിനിക് തീം മൂന്നാം സീഡായ ഡാനില്‍ മെഡ്‌വദേവിനെ നേരിടും. റഷ്യന്‍താരങ്ങള്‍ ഏറ്റുമുട്ടിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്ദ്രെ റുബലേവിനെ തോല്‍പ്പിച്ചാണ് മെഡ്‌വദേവ് സെമിയിലെത്തിയത്. സ്‌കോര്‍: 7-6(6), 6-3, 7-6(5).
ശക്തമായ പോരാട്ടത്തില്‍ ബള്‍ഗേറിയയുടെ പിറോണ്‍കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീന വില്യംസ് സെമിയില്‍ കടന്നത്. ആദ്യ സെ്റ്റ് നഷ്ടമായ സെറീന പൊരുതിക്കയറുകയായിരുന്നു. സ്‌കോര്‍: 4-6, 6-3, 6-2.
സെമിയില്‍ സെറീന വിക്‌ടോറിയ അസരങ്കയെ നേരിടും. എലിസ മെര്‍ട്ടന്‍സിനെ അനായാസം മറികടന്നാണ് അസരങ്ക അവസാന നാലില്‍ സ്ഥാനം നേടിയത്. 2013നു ശേഷം ഇതാദ്യമായാണ് അസരങ്ക യുഎസ് ഓപ്പണിന്റെ സെമിയില്‍ എത്തുന്നത്.
വനിതകളുടെ രണ്ടാം സെമിയില്‍ ജാപ്പനീസ് താരം നവോമി ഒസാക്കയും ലോക ഇരുപത്തിയെട്ടാം റാങ്കുകാരിയായ ജെന്നിഫര്‍ ബ്രാഡിയും ഏറ്റുമുട്ടും.
പുരുഷന്മാരുടെ രണ്ടാം സെമിയില്‍ ലോക അഞ്ചാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വെരേവ് ലോക ഇരുപതാം നമ്പറായ പാബ്‌ളോ കരേനോ ബുസ്റ്റയെ എതിരിടും.
















