ലോകപ്രശസ്തനായ രംഗനാഥാനന്ദസ്വാമികളുടെ ഭഗവദ്ഗീതാഭാഷ്യമായ ‘ഭഗവദ്ഗീതയുടെ വിശ്വജനീനസന്ദേശ’ത്തിന്റെ മൂന്നാം ഭാഗത്തില്‍, 18-ാമധ്യായത്തിന്റെ 39-ാമത്തെ ശ്ലോകം വ്യാഖ്യാനിക്കവെ, സ്വാമികള്‍ സ്വിസ് മനശ്ശാസ്ത്രജ്ഞനായ കാള്‍ യുങിനെ ഉദ്ധരിച്ച്, ജീവിതത്തിന്റെ ഒരു ഘട്ടത്തിലെത്തിക്കഴിഞ്ഞാല്പ്പിന്നെ മനുഷ്യര്‍ തങ്ങളുടെ ജീവിതരീതികള്‍ പാടേ മാറ്റണമെന്ന് ഉപദേശിക്കുന്നുണ്ട്: ”ധനാര്‍ജനത്തിലും ജീവിതാസ്വാദനത്തിലും പേരും പെരുമയും സമ്പാദിക്കുന്നതിലും കുടുംബജീവിതം നയിക്കുന്നതിലുമൊക്കെയായിരുന്നു നാം ബദ്ധശ്രദ്ധരായിരുന്നത്. അതെല്ലാം മനോഹരംതന്നെ. എന്നാല്‍ അത് അധികകാലം തുടരരുത്. ‘നിര്‍ത്തൂ!’ എന്നു പറയേണ്ട കാലമുണ്ട്; ഇതിലും നല്ലതായ, ഇതിലും ഉയര്‍ന്ന ചിലതുണ്ട്. സ്വിസ് മനശ്ശാസ്ത്രജ്ഞനായ കാള്‍ യുങ് ‘Modern Man in Search of a Soul’ (ആധുനികമനുഷ്യന് ആത്മാവിനെത്തേടി) എന്ന തന്റെ പുസ്തകത്തില്‍ ഇക്കാര്യത്തിനു വലിയ സ്വീകാര്യം നല്‍കിയിട്ടുണ്ട്… ലൗകികസമ്പാദനങ്ങളെ യുങ് നേട്ടം എന്നു വിളിക്കുന്നു, ആന്തരപുരോഗതിയെ സംസ്കാരം എന്നും.
”അദ്ദേഹം ജീവിതത്തെ രണ്ടായി വിഭജിക്കുന്നു: പൂര്‍വാഹ്നവും (ഉച്ചയ്ക്കുമുമ്പുള്ള സമയം) അപരാഹ്നവും (ഉച്ചയ്ക്കുശേഷമുള്ളത്). മദ്ധ്യാഹ്നം (ഉച്ച) വരെ നേട്ടങ്ങളാകാം: പഠനം, ജോലി, ധനസമ്പാദനം, കുടുംബപരിപാലനം, സമൂഹത്തില്‍ പേരും പെരുമയുമുണ്ടാക്കല്‍ തുടങ്ങിയവ. ഇവയെല്ലാം നേട്ടങ്ങളാണ്. ഇനി ജീവിതത്തിലെ അപരാഹ്നം വരുന്നു. ഈ ചെയ്ത കാര്യങ്ങളൊന്നും അപരാഹ്നത്തിലേക്കു കൊണ്ടുപോകരുത്. എന്നിട്ട് അദ്ദേഹം ജനങ്ങള്‍ക്കു താക്കീതു നല്കുന്നു: പൂര്‍വാഹ്നത്തിലെ തത്ത്വശാസ്ത്രത്തെ അപരാഹ്നത്തിലേക്കു നീട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് അതിനു വലിയ വില കൊടുക്കേണ്ടിവരും, എന്നുവെച്ചാല്‍ വ്യക്തിത്വത്തിന് അപചയം വരും. വ്യക്തിത്വം ചെറുതായി ചെറുതായി വരും. ‘മനുഷ്യവികാസനിരോധം’ (Arrested human development) സംഭവിക്കും. ഏറെ മഹത്തായ വികാസം ഉണ്ടാക്കാമായിരുന്നു. ഇതാണ് ഭാരതീയതത്ത്വചിന്തകര്‍ പറയുന്നത്. ഒന്നിനേയും അവജ്ഞയോടെ കാണേണ്ടതില്ല. അവയെല്ലാം തീര്‍ത്ത് എങ്ങും തങ്ങിനില്ക്കാതെ മുന്നോട്ട് അണിനടക്കണം. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തെ അവജ്ഞയോടെ കാണുന്നില്ല. നമുക്കു വയസ്സാകുമ്പോള്‍, നാം നമ്മുടെ ജീവിതത്തെ ഒരു കുട്ടിയെപ്പോലെ അവജ്ഞയോടെ കാണുന്നില്ല. അതും മനോഹരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മനോഹരമല്ല. മുതിര്‍ന്നതിനുശേഷവും കുട്ടിയായിത്തന്നെ കഴിയുന്നതു ശരിയല്ല…. അപ്പോള്നമ്മെ നിരാശ പിടികൂടും… എന്താണീ നിരാശയ്ക്കു കാരണം? കാരണമിതാണ്, നാം മുമ്പുതന്നെ വിട്ടുകളയേണ്ടിയിരുന്ന ഒരു ജീവിതരീതി തുടരുന്നതാണ് കാരണം. മുമ്പു നാം ചെയ്തതല്ലാത്ത കാര്യങ്ങള്‍ ഇനി ചെയ്യാനിരിക്കുന്നുണ്ട്. നാം അവതന്നെ തുടര്‍ന്നതിനാല്‍, ഉയര്‍ന്ന തരം കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു യോഗ്യതയില്ലാതെപോയി. ഇതിനര്‍ത്ഥം നമുക്കൊരു വീടോ ഭാര്യയോ ഭര്‍ത്താവോ, കുട്ടികളോ ഉണ്ടാകരുത് എന്നല്ല. അങ്ങനെയല്ല! ഇതെല്ലാം ആവാം, പക്ഷേ നാം സ്തംഭിച്ചുപോകരുത്.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: