1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടു തയാറാക്കാനുള്ള പദ്ധതി ആരംഭിച്ചത് യുപിഎ സര്‍ക്കാഷിന്റെ കാലത്താണ്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎച്ച്ആര്‍) ആഭിമുഖ്യത്തിലായിരുന്നു ഇത്. സിപിഎം പിന്തുണയില്‍ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ തുടക്കം. ഡിഎന്‍ ത്രിപാഠിയായിരുന്നു ഐസിഎച്ച്ആര്‍ ചെയര്മാന്. അഞ്ച് വോള്യങ്ങളായി ഗ്രന്ഥം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. പ്രൊഫ. അമിത് കുമാര്‍ ഗുപ്ത ജനറല്‍ കോ ഓര്‍ഡിനേറ്ററായി ചുമതലയേറ്റു. കേരളത്തിന്റെ ചുമതല കേരള സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ ബി. ശോഭനനെ ഏല്‍പ്പിച്ചു. ഐസിഎച്ച്ആര്‍ അടക്കമുള്ള ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇടതു ചരിത്രകാരന്മാര് തമ്പടിച്ചകാലമായിരുന്നു അത് (ഇതിനെ സംബന്ധിച്ച് അരുണ്‍ഷൂരി Eminent Historians,Their Technology, Their Line, Their Fraud എന്ന പുസ്തകത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്)പ്രൊജക്റ്റിന്റെ ഭാഗമായി ഗവേഷക സംഘം ഒന്നരകോടി രൂപ കൈപ്പറ്റി. 2007ല്‍ ആരംഭിച്ച് 2010ല്‍ പൂര്‍ത്തിയാക്കണം. പണം പറ്റിയതല്ലാതെ പദ്ധതി മുന്നോട്ട് പോയില്ല.
കേന്ദ്രഭരണം മാറിയതോടെ വിവിധ വകുപ്പുകളെക്കുറിച്ച് വിശദമായ വിലയിരുത്തല്‍ നടന്നു. പല വകുപ്പുകളിലും പണം ചെലവാക്കിയതല്ലാതെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. സാംസ്കാരിക വകുപ്പിന് കീഴിലുള്ള പല സ്ഥാപനങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി. സാമ്പത്തിക ക്രമക്കേടുകള്‍, പദ്ധതി നടത്തിപ്പിലെ അനാസ്ഥ എന്നിവ വിശദമായി പരിശോധിച്ചു. ഐസിഎച്ച്ആറില്‍ മുപ്പതോളം ഗവേഷണ പദ്ധതികള്‍ മുടങ്ങിയിരുന്നു. അതിലൊന്നായിരുന്നു 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ സംബന്ധിച്ച വിവരശേഖരണം.
ഗവേഷണ പദ്ധതി അംഗീകരിപ്പിച്ച് പണം പറ്റിയതിന് ശേഷം പൂര്‍ത്തിയാക്കാത്ത എല്ലാവര്ക്കും ഐസിഎച്ച്ആര്‍ നോട്ടീസയച്ചു. തുടര്‍ന്നാണ് സ്വാതന്ത്ര്യസമര സേനാനികളെ സംബന്ധിച്ച ഗവേഷണ പ്രൊജക്റ്റ് സമര്‍പ്പിച്ചത്. കേരളം ഉള്‍പ്പെടുന്ന അഞ്ചാമത് വോള്യത്തിലാണ് മാപ്പിള കലാപകാരികളെയടക്കം സ്വാതന്ത്ര്യസമര സേനാനികളായി അവതരിപ്പിച്ച് പ്രൊജക്റ്റ് സമര്‍പ്പിച്ചത്. 1921ലെ മാപ്പിളലഹളയുമായി ബന്ധപ്പെട്ട് 387 പേരെ സ്വാതന്ത്ര്യ സമര സേനാനികളായി അവതരിപ്പിച്ചത് ശരിയല്ലെന്ന് ഐസിഎച്ച്ആര്‍ അംഗങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടി. വിമര്‍ശനം ചരിത്രപരമായി ശരിയാണെങ്കിലും മുന്‍ സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടപ്പെട്ടു.
കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കെ മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചത് വിമര്‍ശനത്തെ ദുര്‍ബ്ബലമാക്കി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 1981 ഡിസംബര്‍ 5 നാണ് മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളായി പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പെന്‍ഷനും നല്കി. കേരള സര്‍ക്കാരും മാപ്പിള ലഹളക്കാര്‍ക്ക് പെന്ഷന് പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ നേരത്തെയുള്ള നിലപാടിന് കടകവിരുദ്ധമായാണ് ഈ പ്രഖ്യാപനം. 1973 ജൂലൈ 25 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മൊഹസിന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം മാപ്പിളലഹള സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ‘മാപ്പിള ലഹളയെയും അതിന്റെ വിവിധ വശങ്ങളെയും കുറിച്ചുള്ള ചരിത്രം പരിഗണിച്ച് മാപ്പിള ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. മാപ്പിള ലഹളയില്‍ പങ്കെടുത്തുവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സ്വാതന്ത്ര്യ സമര പോരാളികള്‍ക്കുള്ള കേന്ദ്ര സ്കീമിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് കിട്ടാന്‍ അര്‍ഹതയില്ല’. എന്നായിരുന്നു ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. 1973 ജൂലൈ 26ന് യുഎന്‍ഐഎ ഉദ്ധരിച്ച്് മുസ്ലിം ലീഗ് പത്രമായ ചന്ദ്രികയില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിച്ചതോടെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കുകയായിരുന്നു. ഈ പ്രഖ്യാപനം നിലനില്‍ക്കെ വ്യത്യസ്തമായ നിലപാടെടുക്കാന്‍ നിലവിലുള്ള സാഹചര്യം ഐസിഎച്ച്ആറിനെ അനുവദിക്കുമായിരുന്നില്ല. ചരിത്ര വസ്തുതകള്‍ തമസ്ക്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്ത് മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ചത് കോണ്‍ഗ്രസ്സാണ്. നിഘണ്ടു ഇറങ്ങിയാലും ഇല്ലെങ്കിലും മാപ്പിളലഹളക്കാര്‍ നിലവില്‍ സ്വാതന്ത്ര്യ സമര സേനാനികളാണ്. ആ വസ്തുതയില്‍ കവിഞ്ഞ ഒന്നും പുതുതായി പുറത്തിറങ്ങിയ നിഘണ്ടുവിലുമില്ല. മാറ്റം വരേണ്ടത് ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ തീരുമാനമായിരുന്നു.
മാറ്റം വരില്ലെന്ന് പ്രഖ്യാപിച്ച പലതിലും മാറ്റം വരുത്തിയ കേന്ദ്രസര്‍ക്കാരാണ് ഇന്ന് കേന്ദ്രത്തില്‍. ചരിത്രത്തെ വളച്ചൊടിച്ച് കലാപകാരികളെ സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിച്ച ചരിത്രപരമായ മണ്ടത്തരം തിരുത്തപ്പെടും. ഇന്ദിരാ ഭരണകൂടത്തിന്റെ നിലപാടുകളിലാണ് തിരുത്തലുണ്ടാവുക.
ഡോ. സിഐ ഐസക്ക്
(ഐസിഎച്ച്ആര്‍ അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: